ഉല്‍പ്പാദനം മെച്ചപ്പെട്ടിട്ടും വിളവെടുത്ത തേന്‍ വിറ്റഴിക്കാന്‍ വിപണിയില്ലാതെ വലഞ്ഞു തേനീച്ച കര്‍ഷകര്‍.സര്‍ക്കാര്‍ സംവിധാനങ്ങളും ഇത്തവണ കൈവിട്ടതോടെ കര്‍ഷകര്‍ കടുത്ത നിരാശയിൽ
കോട്ടയം: ഉല്‍പ്പാദനം മെച്ചപ്പെട്ടിട്ടും വിളവെടുത്ത തേന്‍ വിറ്റഴിക്കാന്‍ വിപണിയില്ലാതെ വലയുകയാണു കോട്ടയത്തെ തേനീച്ച കര്‍ഷകര്‍. മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ക്കു താങ്ങായിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും ഇത്തവണ കൈവിട്ടതോടെ കടുത്ത നിരാശയിലാണ് കർഷകർ.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഖാദി കമ്മീഷനും സംസ്ഥാന സര്‍ക്കാരിന്റെ ഖാദി ബോര്‍ഡും ഇത്തവണ കര്‍ഷകരെ തിരിഞ്ഞു നോക്കിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ഈ ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്നു നേരിട്ടു തേന്‍ സംഭരിച്ചു വിപണിയിലെത്തിച്ചിരുന്നു. ഖാദി കമ്മീഷനു മുന്‍കൂട്ടി ടെന്‍ഡര്‍ നടപടികളില്ലാതെ തന്നെ തേന്‍ വിറ്റഴിക്കാനുള്ള അധികാരമുണ്ടായിട്ടും ഇത്തവണ സംഭരണം നടന്നിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 'ഔഷധി' പോലും ഇപ്പോള്‍ ടെന്‍ഡര്‍ നടപടികളിലൂടെ അന്യസംസ്ഥാനങ്ങളില്‍ നിന്നാണു തേന്‍ വാങ്ങുന്നത്. ഗുണമേന്മയുള്ള തേന്‍ നാട്ടില്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ വില കുറഞ്ഞ തേന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കാനാണ് ഈ നീക്കം.
ശബരിമലയിലേക്ക് ആവശ്യമായ തേന്‍ എത്തിക്കാന്‍ ചുമതലയുള്ള 'റെയ്ഡ്‌കോ'യും പ്രാദേശിക കര്‍ഷകരെ പൂര്‍ണമായി ഒഴിവാക്കിയെന്നാണു കര്‍ഷകര്‍ പറയുന്നത്.
കൂടാതെ, ശബരിമലയിലും സമീപപ്രദേശങ്ങളിലും വനംവകുപ്പ് കാട്ടില്‍ നിന്നു ശേഖരിക്കുന്ന തേന്‍ വിറ്റ് കോടിക്കണക്കിനു രൂപയുടെ വരുമാനം ഉണ്ടാക്കുന്നുമുണ്ട്. ശബരിമലയിലും പ്രധാന ഇടത്താവളങ്ങളിലും ലൈസന്‍സുള്ള കര്‍ഷകര്‍ക്കു നേരിട്ട് തേന്‍ വില്‍പ്പന നടത്താന്‍ അനുമതി നല്‍കുക, തേനിന് ന്യായമായ അടിസ്ഥാനവില നിര്‍ണയിക്കുക,
ഔഷധി, റെയ്ഡ്‌കോ തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ കേരളത്തിലെ കര്‍ഷകരില്‍ നിന്ന് മാത്രം തേന്‍ സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു കേരളത്തിലുടനീളമുള്ള തേനീച്ച കര്‍ഷകര്‍ ഒപ്പിട്ട നിവേദനം ഉടന്‍ തന്നെ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുമെന്നു കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.