അടിയന്തരസദ്യയില്‍ ബീഫ് വിളമ്പിയില്ല; വയോധികന്റെ പല്ല് അടിച്ചുതെറിപ്പിച്ച പ്രതി പിടിയില്‍
ചേര്‍ത്തല: മരണാനന്തര ചടങ്ങിനിടെ അടിയന്തരസദ്യയില്‍ ബീഫ് വിളമ്പാത്തതിനെത്തുടര്‍ന്ന് വയോധികനെ ആക്രമിച്ച് പല്ല് അടിച്ചുതെറിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാര്‍ഡില്‍ വള്ളിക്കാട്ട് കോളനിയില്‍ ശ്യാംകുമാര്‍ (ചക്രന്‍ ശ്യാം 41) ആണ് പിടിയിലായത്. മോഷണക്കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
കഴിഞ്ഞ ഓഗസ്റ്റ് 22-ന് പള്ളിപ്പുറം ചക്കനാട്ടു കോളനിയില്‍ നടന്ന മരണാനന്തര ചടങ്ങിനിടെയായിരുന്നു സംഭവം. സദ്യയ്ക്കിടയില്‍ ചിക്കന്‍ കറി നല്‍കിയതില്‍ പ്രകോപിതനായ പ്രതി, ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വെക്കുകയും ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന വയോധികന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. ആക്രമണത്തില്‍ വയോധികന്റെ പല്ലുകള്‍ ഇളകിത്തെറിച്ചു. സംഭവത്തിന് പിന്നാലെ നാടുവിട്ട പ്രതി വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
തൃശ്ശൂരില്‍ ഒളിവില്‍ കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ചേര്‍ത്തല ഡിവൈ.എസ്.പി. മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ചേര്‍ത്തല സബ് ഇന്‍സ്പെക്ടര്‍മാരായ ബജിത്ത്, സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, അരുണ്‍കുമാര്‍, പ്രവീഷ്, മനു കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.