മദ്യം എടുത്തുകുടിച്ചതിന് തല്ലിക്കൊന്നു; കരമനയിലെ മധ്യവയസ്‌കന്റെ മരണം കൊലപാതകം, ആംബുലന്‍സ് വിളിച്ചതും പ്രതി

 
prathi



കരമന: മധ്യവയസ്‌കനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് പിടികൂടി.

കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠന്‍ നായരെ (55) യാണ് വ്യാഴാഴ്ച വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കരമന പോലീസ് കേസെടുത്തു.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ മരണം വാരിയെല്ല് ഒടിഞ്ഞ് ആന്തരിക രക്തസ്രാവമുണ്ടായാണ് സംഭവിച്ചതെന്ന് തെളിഞ്ഞതോടെ ശ്രീകണ്ഠനോടൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ (35) പോലീസ് പിടികൂടി.അവിവാഹിതനായ ശ്രീകണ്ഠന്റെ വീട്ടില്‍ പ്രതി ഒന്നരമാസമായി താമസിക്കുകയായിരുന്നു.

പ്രതി വാങ്ങിവെയ്ക്കുന്ന മദ്യം ശ്രീകണ്ഠന്‍ നായര്‍ എടുത്ത് കുടിക്കുന്നു എന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്നതിന്റെ
അടുത്ത ദിവസം പ്രതി തന്നെയാണ് പോലീസില്‍ വിവരം അറിയിച്ചതും ആംബുലന്‍സ് വിളിച്ചതും. കൊലപാതകം നടന്നത് 16 ന് രാത്രിയാണ്.

 ഫോര്‍ട്ട് എ.സി.കെ.പ്രദീപിന്റെ നേതൃത്വത്തില്‍ നേമം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍, കരമന എസ്.ഐ. അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags

Share this story

From Around the Web