ദുരുപയോഗത്തിനു ഇരകളായവരെ ശ്രവിക്കാന്‍ തയ്യാറാവണം: പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള കമ്മീഷന്‍
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയുള്ള പീഡനങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുവാനുള്ള നടപടിക്രമങ്ങളില്‍ ഇരകളുടെയും അതിജീവിച്ചവരുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുക, വര്‍ഷാവസാനത്തോടെ പാപ്പായ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന സാര്‍വത്രിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോള സംരക്ഷണ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുക, സഭയുടെ എല്ലാ തലങ്ങളിലുമുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നീ വിഷയങ്ങള്‍, പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള കമ്മീഷന്റെ പ്ലീനറി അസ്സംബ്ലിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ 2026 ലെ വസന്തകാല പ്ലീനറി കമ്മീഷന്‍, മാര്‍ച്ച് 16 മുതല്‍ 20 വരെ വത്തിക്കാനില്‍ വച്ചാണ് നടന്നത്. മാര്‍ച്ച് 16 ന് ലിയോ പതിനാലാമന്‍ പാപ്പാ, അസ്സംബ്ലിയില്‍ സംബന്ധിക്കുന്നവര്‍ക്ക് പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചിരുന്നു. സഭയുടെ സംരക്ഷണയില്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഓരോ കുട്ടിയുടെയും, കൗമാരക്കാരുടെയും, ദുര്‍ബലരായ വ്യക്തിയുടെയും കേന്ദ്ര ദൗത്യം പുനഃസ്ഥാപിക്കുന്നതില്‍ ലിയോ പതിനാലാമന്‍ പാപ്പാ നല്‍കിയ നേതൃത്വത്തിന് അഗാധമായ നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് അസ്സംബ്ലി ആരംഭിച്ചത്. സംസ്‌കാരവും സംരക്ഷണ ഘടനകളും ശക്തിപ്പെടുത്തുന്നതില്‍ പ്രാദേശിക സഭകള്‍ക്ക് സഹായങ്ങള്‍ നല്‍കുവാന്‍ കമ്മീഷന്റെ ദൗത്യത്തിന് സാധിക്കട്ടെയെന്നു പാപ്പാ ആശംസിച്ചിരുന്നു.
ആഗോള സംഘര്‍ഷങ്ങള്‍ കുട്ടികളെയും ദുര്‍ബല സമൂഹങ്ങളെയും ദോഷകരമായി ബാധിക്കുമ്പോള്‍, അവരെ ശ്രദ്ധയോടെ ശ്രവിക്കണമെന്നും, പരസ്പര സഹകരണത്തോടെയുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും, കമ്മീഷന്റെ പ്രസിഡന്റ് മോണ്‍സിഞ്ഞോര്‍ തിബോള്‍ട്ട് വെര്‍ണി യോഗത്തില്‍ ഊന്നിപ്പറഞ്ഞു.
സഭയിലും, സമൂഹത്തിലും പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ മറയില്ലാത്തതും, സഹകരണപരവുമായ ഒരു മനോഭാവം വളര്‍ത്തേണ്ടതിന്റെ അടിയന്തിരാവസ്ഥ അംഗങ്ങള്‍ എടുത്തു പറഞ്ഞു.
ദുരുപയോഗത്തെക്കുറിച്ചുള്ള സമീപകാല മാധ്യമ റിപ്പോര്‍ട്ടുകള്‍, ഇരകളും അതിജീവിച്ചവരും അനുഭവിച്ച അഗാധമായ ബുദ്ധിമുട്ടുകളുടെയും, സഭയ്ക്കുള്ളില്‍ അത്തരം ബുദ്ധിമുട്ടുകള്‍ക്ക് കാരണമായ ഗുരുതരമായ പരാജയങ്ങളുടെയും വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണെന്ന് കമ്മീഷന്‍ എടുത്തു പറഞ്ഞു.
ഈ യാഥാര്‍ത്ഥ്യങ്ങളെ ദുഃഖത്തോടെയും ഗൗരവത്തോടെയും കേള്‍ക്കാനും. ഇരകളെ അനുഗമിക്കാനും, അവരുടെ സംരക്ഷണം, ഉത്തരവാദിത്തം, സുതാര്യത, പരിചരണം എന്നിവ സഭയുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ സഹായിക്കാനുമുള്ള പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുവാനും കമ്മീഷന്‍ ഊന്നല്‍ കൊടുക്കുന്നു.
ആഗോളതലത്തില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ദുര്‍ബലരായ വ്യക്തികള്‍ക്കും എതിരായ ഓണ്‍ലൈന്‍ ദുരുപയോഗത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍, ഡിജിറ്റല്‍ സംരക്ഷണം ഒരു അടിയന്തര മുന്‍ഗണനയായിരിക്കണമെന്നുള്ള ലിയോ പതിനാലാമന്‍ പാപ്പായുടെ ആഹ്വാനവും കമ്മീഷന്‍ ചര്‍ച്ച ചെയ്തു.
സുവിശേഷ മൂല്യങ്ങളിലും പ്രൊഫഷണല്‍ മാനദണ്ഡങ്ങളിലും അധിഷ്ഠിതമായ സ്ഥിരമായ സുരക്ഷാ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക സഭകള്‍ക്ക് പ്രായോഗികമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധതയും കമ്മീഷന്‍ ചര്‍ച്ച ചെയ്തു.