ധൈര്യമായിരിക്കുക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. പ്രഭാത പ്രാർത്ഥന
 

 
 jesus christ-65

ഞങ്ങളുടെ രക്ഷകനും നാഥനുമായ നല്ല ദൈവമേ... അനുഗ്രഹിക്കപ്പെട്ട ഒരു പുതിയ ദിവസം കൂടി ഞങ്ങളുടെ ആയുസ്സിൽ കരുതി വച്ച അങ്ങയുടെ കനിവിനും കാരുണ്യത്തിനും നന്ദി.

ആരെല്ലാം ഞങ്ങളെ മറന്നാലും. ആരെല്ലാം ഞങ്ങളിൽ നിന്നും അകന്നു പോയാലും ഞങ്ങളെ മറക്കാത്ത സ്നേഹമേ. ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സകലതും അങ്ങേയ്ക്കു സമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളിതാ പ്രാർത്ഥിക്കുന്നു. ജീവിതത്തിലുടനീളം അങ്ങയിൽ പ്രത്യാശയർപ്പിച്ചിട്ടും.

പ്രാർത്ഥനയിലൂടെയും കണ്ണുനീരുകളിലൂടെയും ഞങ്ങളുടെ ഹൃദയഭാരങ്ങൾ ഒന്നൊഴിയാതെ അങ്ങയോടു പങ്കുവച്ചിട്ടും ഓരോ ദിവസവും ഞങ്ങൾക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികളിലും പരീക്ഷണങ്ങളിലും ഞങ്ങളുടെ വിശ്വാസവും ഉലഞ്ഞു പോകുന്നുണ്ട്.

കൂടുതൽ പ്രാർത്ഥിക്കുന്നതു കൊണ്ടാണ് കൂടുതൽ സഹനങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതെന്ന ഞങ്ങൾക്കു ചുറ്റുമുള്ളവരുടെ വാക്കുകളിലും വിലയിരുത്തലുകളിലും മറുത്തൊന്നും പറയാനാവാത്ത വിധം ഞങ്ങൾ പലപ്പോഴും പതറി പോകുന്നുമുണ്ട്.

കർത്താവേ... ഞങ്ങളെ രക്ഷിക്കണമേ. ആപത്തുകളിലും അനർത്ഥങ്ങളിലും അടിപതറാതെ അങ്ങയുടെ ഉള്ളം കൈയ്യിൽ ഞങ്ങളെ ചേർത്തു പിടിച്ചിരിക്കുന്നു എന്ന വിശ്വാസത്തോടെ മുന്നോട്ടു പോകാനുള്ള ശക്തിയും കൃപയും നൽകണമേ.

ഞങ്ങളുടെ അസ്വസ്ഥതകളുടെയും ആശങ്കകളുടെയും നോവിടങ്ങളിൽ അവിടുത്തെ തിരുഹൃദയത്തിന്റെ രക്ഷയും സമാധാനവും അനുഭവിക്കാനും.

അചഞ്ചലമായ വിശ്വാസത്തോടെയും പ്രത്യാശയോടെയും എന്നും അങ്ങയോട് ചേർന്നിരിക്കാനും ഞങ്ങൾക്കിടയാക്കുകയും ചെയ്യണമേ... അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web