വിശുദ്ധ വാരത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളുമായി ബിബിസി
ലണ്ടന്‍: വിശുദ്ധ വാരത്തോട് അനുബന്ധിച്ച് ക്രൈസ്തവ കേന്ദ്രീകൃതമായ വിവിധ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുവാന്‍ പ്രമുഖ ചാനലായ ബിബിസി തയാറെടുക്കുന്നു.
വിശുദ്ധ വാരത്തിലെ വിവിധ ദിവസങ്ങളിലും ഈസ്റ്റര്‍ ദിനത്തിലും പ്രേക്ഷക ശ്രദ്ധ ക്ഷണിക്കുന്ന പരിപാടികള്‍ അവതരിപ്പിക്കുവാനാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കേന്ദ്രമാക്കിയുള്ള ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) ഒരുങ്ങുന്നത്.
ആരാധന, സംഗീതം എന്നിവ സംയോജിപ്പിച്ചാണ് ടെലിവിഷന്‍, റേഡിയോ പ്ലാറ്റ്ഫോമുകളില്‍ ബിബിസി പരിപാടി അവതരിപ്പിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പണ്‍ കത്തീഡ്രലില്‍ നിന്നുള്ള ഈസ്റ്റര്‍ പ്രഭാത ദിവ്യബലി ബിബിസി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇത് ഈസ്റ്റര്‍ ദിനത്തിന്റെ ആത്മീയ പ്രാധാന്യം പ്രേക്ഷകര്‍ക്ക് പകരുവാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.
യുകെയിലെമ്പാടുമുള്ള വിവിധ വിഭാഗങ്ങളിലെ പള്ളികളിലെ ക്രൈസ്തവ സംഗീതം, ആരാധനാ ഗാനങ്ങള്‍, മറ്റ് പരിപാടികള്‍ ഉള്‍ചേര്‍ത്തുള്ള 'സോങ്ങ്‌സ് ഓഫ് പ്രെയ്‌സ്' പ്രോഗ്രാമും വിശുദ്ധ വാരത്തെ കേന്ദ്രീകരിക്കുന്നതായിരിക്കും. യുകെയിലെ വിശ്വാസം, പ്രത്യാശ, ക്രിസ്തീയ ജീവിതം എന്നിവ പരിപാടിയില്‍ പ്രമേയമാകുമെന്നാണ് സൂചന.
ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപാവില്‍ നിന്ന് പാപ്പ റോമ നഗരത്തിനും ലോകത്തിനുമായി നല്‍കുന്ന ഉര്‍ബി ഏത് ഓര്‍ബി സന്ദേശവും പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള ആശീര്‍വാദവും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ചാനല്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിശുദ്ധ വാരത്തില്‍ നടക്കുന്ന വത്തിക്കാനിലെ വിവിധ തിരുക്കര്‍മ്മങ്ങള്‍ ബിബിസി സംപ്രേക്ഷണം ചെയ്യുന്നില്ലെങ്കിലും ഉര്‍ബി ഏത് ഓര്‍ബി സന്ദേശത്തിനും ആശീര്‍വാദത്തിനും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
'ഹാരി ക്ലാര്‍ക്ക് ഗോസ് ടു റോം' എന്ന വേറിട്ട പരിപാടിയും ഇത്തവണ ബിബിസി സംപ്രേക്ഷണം ചെയ്യും. റോമിലേക്കുള്ള യാത്രയും കത്തോലിക്കാ പാരമ്പര്യങ്ങളും പര്യവേക്ഷണം ചെയ്യുന്നതായിരിക്കും ഈ പരിപാടി.