നാളെ ബാറുകള്‍ രാത്രി 12 മണിവരെ പ്രവര്‍ത്തിക്കും. പുതുവത്സരം ആഘോഷമാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: നാളെ ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും പ്രവര്‍ത്തിക്കാം. പുതുവത്സരാഘോഷം പരിഗണിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തന സമയം നീട്ടി നല്‍കിയത്.
ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാറുടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്.
എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.
രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ സംസ്ഥാനത്തെ പ്രവര്‍ത്തന സമയം. ഇതില്‍ ഒരു മണിക്കൂറിന്റെ ഇളവാണ് നല്‍കിയിരിക്കുന്നത്.
വിവിധ ബാറുകള്‍ പുതുവത്സരം പ്രമാണിച്ച് വലിയ ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനാലാണ് പ്രവര്‍ത്തന സമയം നീട്ടണം എന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടത്.
കൊച്ചിയില്‍ ക്രമീകരണങ്ങള്‍
കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങള്‍ക്കായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ബുധനാഴ്ച ഫോര്‍ട്ട് കൊച്ചി മേഖലയില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല.
ഏഴുമണി വരെ മാത്രമേ ഫോര്‍ട്ട് കൊച്ചിയിലേക്ക് പ്രവേശനം അനുവദിക്കൂ.
പുലര്‍ച്ചെ 3 മണി വരെ പൊതുഗതാഗതം ഉണ്ടാകും. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, കെഎസ്ആര്‍ടിസി എന്നിവ, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്നും സിറ്റ് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ട് കൊച്ചി ഒരുങ്ങുന്നു. പരേഡ് ഗ്രൗണ്ടിലും, വെളി മൈതാനത്തുമായി രണ്ട് കൂറ്റന്‍ പപ്പാഞ്ഞിമാര്‍ ഇക്കുറി കത്തിയമരും.
കര്‍ശന സുരക്ഷയാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ഫോര്‍ട്ടുകൊച്ചിയിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.