ബാര്‍ ലൈസന്‍സ് വിവാദം വിജിലന്‍സിലേക്ക്; നാല് വിഷയങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയം വരുന്നതിന് മുമ്പ് കൂടിയാലോചനകളില്ലാതെ അനുവദിച്ച ബാര്‍ ലൈസന്‍സുകളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് എക്‌സൈസ് മന്ത്രി എം.ലിജു.
ഇതുസംബന്ധിച്ച് എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. എറണാകുളത്തും കോട്ടയത്തും എഫ്എല്‍.-3 ലൈസന്‍സുകള്‍ അനുവദിച്ചതടക്കം നാല് പ്രധാന വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് എക്‌സൈസ് വകുപ്പിന്റെ ആവശ്യം.ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വിദേശമദ്യം വിളമ്പുന്നതിനായി എക്‌സൈസ് വകുപ്പ് അനുവദിക്കുന്ന ലൈസന്‍സാണ് എഫ്എല്‍.-3
വൈന്‍ വില്‍പ്പനയ്ക്ക് അനുമതി നല്‍കിയതിലും ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കേണ്ടത്.
ബേക്കറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും വീര്യം കൂടിയ വൈന്‍ വില്‍ക്കാന്‍ മുന്‍ എക്‌സൈസ് കമ്മീഷണര്‍ സാമ്പശിവ റാവ് അനുമതി നല്‍കിയതിലും അന്വേഷണം വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എറണാകുളത്തെ മേഘ റെസിഡന്‍സി ഉള്‍പ്പെടെയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിലാണ് പരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതും മൂന്നാമതൊരു ബാറിന് കൂടി ലൈസന്‍സ് നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചതും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം. മുന്‍ എക്‌സൈസ് കമ്മീഷണര്‍ സാമ്പശിവ റാവ് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ റിപ്പോര്‍ട്ടിലും വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വിനോദ് കുമാര്‍, ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് എന്നിവര്‍ക്കെതിരായ റിപ്പോര്‍ട്ടാണ് പരിശോധിക്കേണ്ടത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം ആഭ്യന്തര വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് എക്‌സൈസ് മന്ത്രി കത്ത് കൈമാറും. ഇതിന് പിന്നാലെ വിജിലന്‍സ് അന്വേഷണത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നാണ് സൂചന.