കൊരട്ടിയിൽ സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചുകടത്തിയത് മൂന്നു കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ; മുഖ്യ പ്രതി അറസ്റ്റിൽ
കൊരട്ടി: ദേശീയപാത കൊരട്ടിയിൽ സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചുകടത്തിയ മൂന്നു കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ.
മലപ്പുറം പാണക്കാട് ഹാജിയാർപ്പള്ളി സ്വദേശി പള്ളിക്കൽ വീട്ടിൽ മുഹമ്മദ് ഫറാ സാ(27)ണ് പിടിയിലായത്.
വെള്ളിയാഴ്ച കൊരട്ടി ജംഗ്ഷനിൽ നടത്തിയ വാഹനപരിശോധനയിൽ 11 ടണ്ണോളം തൂക്കമുള്ള 3,77,250 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണു പിടികൂടിയത്. സവാള കയറ്റിയ അശോക് ലെയ്‌ലൻഡ് ലോറിയിൽ 118 ചാക്ക് സവാളയ്ക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ. 750 പായ്ക്കറ്റുകൾ വീതമുള്ള 503 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ബംഗളൂരുവിൽനിന്ന് എറണാകുളം ജില്ലയിലെ കാലടിയിലേക്കു കടത്തുന്നതിനിടെയാണു ലോറി പിടികൂടിയത്.
കേസിൽ കണ്ണൂർ ഇരിട്ടി സ്വദേശികളായ ടെൽസൻ ബാബു(36), സൈബ് (33) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.