നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാല് ദിവസം ബാങ്കുകള് പ്രവര്ത്തിക്കില്ല
കേരളത്തില് നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബാങ്കുകള്ക്ക് നീണ്ട അവധിവാരം വരുന്നു. ഒക്ടോബര് 18 മുതല് 21 വരെ തുടര്ച്ചയായി നാല് ദിവസം കേരളത്തില് ബാങ്ക് ശാഖകള് പ്രവര്ത്തിക്കില്ലെന്ന് ഇടപാടുകാര് പ്രത്യേകം ശ്രദ്ധിക്കുക.
പണം നിക്ഷേപിക്കല്, ചെക്ക് ക്ലിയറിങ് തുടങ്ങി നേരിട്ട് ബാങ്ക് കൗണ്ടറുമായി ബന്ധപ്പെട്ട ആവശ്യങ്ങളുള്ളവര് ഈ ദിവസങ്ങള് മുന്കൂട്ടി കണ്ട് ക്രമീകരണങ്ങള് ചെയ്യേണ്ടതാണ്.
ഒക്ടോബര് 18 സാധാരണ ഞായറാഴ്ച അവധി. ഒക്ടോബര് 19 തിങ്കള് ദുര്ഗാഷ്ടമി ആഘോഷവുമായി ബന്ധപ്പെട്ട പൊതുഅവധിയും, ഒക്ടോബര് 20 ചൊവ്വ മഹാനവമി അവധിയും, ഒക്ടോബര് 21 ബുധന് വിജയദശമി അവധിയുമാണ്.
തുടര്ച്ചയായ നാല് ദിവസത്തെ അവടിക്കുശേഷം ഒക്ടോബര് 22 വ്യാഴാഴ്ച മാത്രമായിരിക്കും ഇനി ബാങ്കുകള് തുറന്നു പ്രവര്ത്തിക്കുക. ബാങ്ക് ശാഖകള് അടഞ്ഞുകിടന്നാലും ഗൂഗിള് പേ, ഫോണ്പേ തുടങ്ങിയ യൂപിഐ ആപ്പുകള് വഴിയുള്ള ഡിജിറ്റല് ഇടപാടുകളും നെറ്റ് ബാങ്കിംഗും സാധാരണ പോലെ പ്രവര്ത്തിക്കും. എടിഎം സേവനങ്ങളും ലഭ്യമാകും.
എങ്കിലും അത്യാവശ്യമായി പണം പിന്വലിക്കേണ്ടവരും ബാങ്ക് രേഖകളുമായി ബന്ധപ്പെട്ട പ്രധാന ജോലികള് ഉള്ളവരും അവധി ആരംഭിക്കുന്നതിന് മുന്പ് തന്നെ ആ കാര്യങ്ങള് പൂര്ത്തിയാക്കാന് ശ്രദ്ധിക്കുക.