ഇനി ബാങ്കുകള്‍ക്ക് തോന്നിയപോലെ പലിശ കൂട്ടാനാകില്ല. വായ്പയെടുത്തവര്‍ക്ക് ആശ്വാസവുമായി ആര്‍ബിഐയുടെ പുതിയ നീക്കം
രാജ്യത്തെ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും വായ്പയെടുത്ത ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനുമായി നിര്‍ണായക നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 'ഇന്ററെസ്റ്റ് റേറ്റ്‌സ് ഓണ്‍ ലോണ്‍സ് ആന്‍ഡ് അഡ്വാന്‍സസ് ഡയറക്ഷന്‍സ്, 2026' എന്ന പേരിലിറക്കിയ പുതിയ കരട് നിര്‍ദ്ദേശ പ്രകാരം, വായ്പയുടെ പലിശ നിരക്ക് നിര്‍ണ്ണയിക്കുന്ന ബെഞ്ച്മാര്‍ക്കില്‍ മാറ്റം വരുത്തണമെങ്കില്‍ ഇനിമുതല്‍ ബാങ്കുകള്‍ക്ക് ഉപഭോക്താവിന്റെ പൂര്‍ണ്ണ അനുമതി നിര്‍ബന്ധമാകും. സെപ്റ്റംബര്‍ 11 വരെ പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ നിര്‍ദ്ദേശങ്ങളില്‍ അഭിപ്രായം അറിയിക്കാം.
ഫ്‌ലോട്ടിംഗ് പലിശ നിരക്കില്‍ ഹോം ലോണ്‍, പേഴ്‌സണല്‍ ലോണ്‍, എംഎസ്എംഇ വായ്പകള്‍ എന്നിവ എടുത്ത സാധാരണക്കാര്‍ക്കാണ് ആര്‍ബിഐയുടെ ഈ തീരുമാനം ഏറ്റവും വലിയ ആശ്വാസമാകുന്നത്. ബാങ്കുകള്‍ ഏകപക്ഷീയമായി ബെഞ്ച്മാര്‍ക്ക് മാറ്റുന്നതും, അതിന്റെ മറവില്‍ പലിശ നിരക്കും പ്രതിമാസ ഇഎംഐയും ഉയര്‍ത്തുന്നതിനും പുതിയ നിയമത്തോടെ വിരാമമാകും. കൂടാതെ, പുതിയ നിരക്കുകളിലേക്ക് വായ്പ മാറ്റുമ്പോള്‍ പ്രോസസിംഗ് ഫീയോ മറ്റ് അധിക ചാര്‍ജുകളോ ഈടാക്കരുതെന്നും, പഴയതിനേക്കാള്‍ കൂടുതല്‍ പലിശ വരാന്‍ പാടില്ലെന്നും ആര്‍ബിഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വായ്പകളുടെ പലിശ നിരക്കിനൊപ്പം ഈടാക്കുന്ന സ്പ്രെഡ് അല്ലെങ്കില്‍ മാര്‍ജിന്‍ ഘടകങ്ങള്‍ തോന്നിയതുപോലെ കൂട്ടുന്നതിനും തടയിട്ടിട്ടുണ്ട്. പൊതുമേഖലാ-സ്വകാര്യ ബാങ്കുകള്‍ക്ക് പുറമെ എന്‍ബിഎഫ്‌സികള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും പുതിയ ചട്ടക്കൂട് ബാധകമായിരിക്കും. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം അന്തിമ അനുമതി ലഭിച്ചാല്‍ 2027 ഏപ്രില്‍ 1 മുതല്‍ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള ലോണുകള്‍ പുതിയ ഫ്രെയിംവര്‍ക്കിലേക്ക് മാറ്റുന്നതിനായി 2029 ഏപ്രില്‍ 1 വരെ ബാങ്കുകള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്.