സെപ്റ്റംബര്‍ 11-ന് ബാങ്ക് പണിമുടക്ക്: മൂന്നുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

 
BANK


ആഴ്ചയില്‍ അഞ്ചു പ്രവൃത്തിദിനം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 11-ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് അസോസിയേഷനുകള്‍.

 യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ശനിയും ഞായറും അവധിയായതിനാല്‍ മൂന്നുദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ പണിമുടക്ക് മാറ്റിവെക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും യൂണിയനുകള്‍ നിരസിച്ചു. സെപ്റ്റംബര്‍ അവസാനം മൂന്നുദിവസത്തെ സമരവും ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല സമരവും യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


യൂണിയനുകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍
അഞ്ചുദിവസത്തെ പ്രവൃത്തിദിനം: യൂണിയനുകളുടെ പ്രധാന ആവശ്യം ഇതാണ്. 2024 മാര്‍ച്ചില്‍ ഒപ്പിട്ട ഉഭയകക്ഷി കരാറില്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയിരുന്നു.

 ശനിയാഴ്ചകളിലെ അവധി പരിഹരിക്കുന്നതിനായി പ്രവൃത്തിദിവസങ്ങളില്‍ ജോലിസമയം വര്‍ധിപ്പിക്കാമെന്ന വ്യവസ്ഥയിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. സര്‍ക്കാരിന് ശുപാര്‍ശ ചെയ്തെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.


പി.എല്‍.ഐ. സ്‌കീമിലെ മാറ്റങ്ങള്‍: പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ്  സ്‌കീം വിവേചനമാണെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. ഇത് സ്‌കെയില്‍ കഢന് മുകളിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഗുണകരമാണെന്നാണ് ഇവരുടെ വാദം.

മറ്റ് സേവന വ്യവസ്ഥകള്‍: വേതന പരിഷ്‌കരണം, സേവന വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ആവശ്യവും യൂണിയനുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Tags

Share this story

From Around the Web