ബാങ്ക് പണിമുടക്ക്; എടിഎം സേവന നിരക്കുകള്‍ ഒഴിവാക്കി എസ്ബിഐ, ഉപഭോക്താക്കള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ത്രിദിന പണിമുടക്ക് ആരംഭിക്കാനിരിക്കേ, ഉപഭോക്താക്കള്‍ക്ക് ആശ്വാസ നടപടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തി. പണിമുടക്ക് ദിവസങ്ങളില്‍ എടിഎം സേവനനിരക്കുകള്‍ എസ്ബിഐ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് ഏതൊരു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും സൗജന്യമായി ഇടപാടുകള്‍ നടത്താമെന്ന് ബാങ്ക് അറിയിച്ചു.
പണിമുടക്ക് നടക്കുന്ന മൂന്ന് ദിവസങ്ങളിലും എടിഎമ്മുകള്‍ക്കൊപ്പം എല്ലാ ബാങ്ക് ശാഖകളും തുറന്നുപ്രവര്‍ത്തിക്കുമെന്നും എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, പണിമുടക്കിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പ്രധാനപ്പെട്ട ഇടപാടുകള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും സെല്‍ഫ് സര്‍വീസ് ബാങ്കിങ് ചാനലുകളിലൂടെയും മുന്‍കൂട്ടി പൂര്‍ത്തിയാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആഴ്ചയിലെ പ്രവൃത്തിദിനം അഞ്ചായി ചുരുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമില്‍ മാറ്റംവരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സെപ്റ്റംബര്‍ 28, 29, 30 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് നടക്കുന്നത്.
എട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് (യുബിഎഫ്യു) ഈ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.