ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ ജോലി ചെയ്തുവന്ന ബംഗ്ലാദേശ് പൗരൻ പിടിയിൽ; കഴിഞ്ഞ നാല് ദിവസത്തിനിടെ കണ്ണൂരിൽ അറസ്റ്റിലായ ബംഗ്ലാദേശികളുടെ എണ്ണം ആറായി
കണ്ണൂര്‍: പയ്യന്നൂര്‍ ഏഴിമലയിലെ ഇന്ത്യന്‍ നാവിക അക്കാദമിയില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശ് സ്വദേശി പോലീസിന്റെ പിടിയിലായി. ഇയാളുടെ അറസ്റ്റോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം ആറായി ഉയര്‍ന്നു.
ഏഴിമല അക്കാദമിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജോലി ചെയ്തുവന്നിരുന്ന 32-കാരനായ വിപ്ലവ് സോറന്‍ ആണ് അറസ്റ്റിലായതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് ഗോയല്‍ സ്ഥിരീകരിച്ചു.
പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ. നായരുടെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ശുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാവിക അക്കാദമിയില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വിപ്ലവ് സോറന്‍ എന്നത് പ്രതിയുടെ യഥാര്‍ത്ഥ പേരാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പോലീസിന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്.
അക്കാദമിയില്‍ ഇയാള്‍ നിര്‍വ്വഹിച്ചിരുന്ന ജോലിയുടെ സ്വഭാവത്തെക്കുറിച്ചോ എങ്ങനെയെത്തി എന്നതിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. രാജ്യത്തെ തന്ത്രപ്രധാനമായ നാവിക കേന്ദ്രത്തില്‍ ഇയാളുടെ സാന്നിധ്യം സുരക്ഷാ ഭീഷണിയാണോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്.
നേരത്തെ, രേഖകളില്ലാതെ അനധികൃതമായി താമസിച്ചതിന് കഴിഞ്ഞ നാല് ദിവസത്തിനിടെ അഞ്ച് ബംഗ്ലാദേശി വനിതകളെ കണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നാല് പേര്‍ സിറ്റിയിലെ സ്പാ കേന്ദ്രത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
നജ്മ അക്തര്‍ (40), തസ്ലീമ ഖാതൂന്‍ (25), മൊയ്‌ന ഖാതൂന്‍ (29), നസ്രി ബീബി (28) എന്നിവരാണ് സ്പാ കേന്ദ്രത്തില്‍ നിന്ന് അറസ്റ്റിലായ വനിതകള്‍. ചൊവ്വാഴ്ചയും സമാന രീതിയില്‍ ഒരു ബംഗ്ലാദേശി വനിതയെ പോലീസ് പിടികൂടിയിരുന്നു. വിദേശ പൗരന്മാരുടെ അനധികൃത സാന്നിധ്യത്തെക്കുറിച്ച് വടക്കന്‍ കേരളത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.