ബംഗ്ലാദേശ് പൗരന്‍ ഏഴിമല നാവിക അക്കാദമിയില്‍ കടന്നുകൂടിയത് ഭാര്യാ പിതാവുവഴി; ഭാര്യയും ജോലിക്കാരി, ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളും മറ്റുമില്ലാതെ ജോലിചെയ്യുകയായിരുന്നു


 

 
BENGALI



പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ പിടിയിലായ ബംഗ്ലാദേശ് പൗരന്‍ ബിപ് ലോബ് സോറന്‍ (32) അലക്ക്-ശുചീകരണ തൊഴിലാളിയായി അക്കാദമിയില്‍ ജോലിചെയ്തത് ഒന്നരവര്‍ഷം. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളും മറ്റുമില്ലാതെ ജോലിചെയ്യുന്നതിനിടെയാണ് നാവികസേനാ അധികൃതര്‍ കഴിഞ്ഞദിവസം സോറനെ പിടിച്ചത്.

പ്രധാന സൈനികകേന്ദ്രമായ ഏഴിമല നാവിക അക്കാദമിയില്‍ ഒരുവര്‍ഷത്തിലേറെയായി ബംഗ്ലാദേശ് പൗരന്‍ ജോലിചെയ്തുവെന്നത് അതി ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. ഇതുസംബന്ധിച്ച് അന്വേഷണവും അവര്‍ തുടങ്ങിയിട്ടുണ്ട്.

ബിപ് ലോബ് സോറന്‍ 10-ാംതരം വരെ നാട്ടില്‍ പഠിച്ചിരുന്നതായി പോലീസ് പറഞ്ഞു. അതിനുശേഷം മുര്‍ഷിദാബാദിലെത്തി. കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ പണിയെടുത്തു. പിന്നീട് ഗുജറാത്തിലെയും ഛത്തീസ്ഗഢിലെയും ചില സ്ഥലങ്ങളിലും മുംബൈയിലുമെത്തി. അവിടെനിന്ന് ഇടയ്ക്കിടെ മുര്‍ഷിദാബാദില്‍ തിരിച്ചെത്തും. മുര്‍ഷിദാബാദ് നബാഗ്രാമില്‍നിന്ന് വിവാഹം കഴിച്ച ഇയാള്‍ക്ക് ഒരു കുട്ടിയുണ്ടെന്നും പോലീസ് പറയുന്നു.
ഭാര്യയുടെ പിതാവിന്റെ പരിചയത്തില്‍, നാവികസേനയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ആളാണ് ഏഴിമല നാവിക അക്കാദമിയില്‍ സോറന് ജോലി തരപ്പെടുത്തിക്കൊടുത്തത്. അക്കാദമിയില്‍ അലക്ക്-ശുചീകരണ വിഭാഗത്തിലാണ് ജോലിചെയ്തിരുന്നത്. ഭാര്യക്കൊപ്പം ഒന്നരവര്‍ഷമായി ഏഴിമലയില്‍ വീടെടുത്ത് താമസിക്കുകയായിരുന്നു. ഭാര്യയും അക്കാദമിയില്‍ ശുചീകരണത്തൊഴിലാളിയാണ്.
പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇയാളെ വെള്ളിയാഴ്ച നാവിക അക്കാദമി ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ചോദ്യംചെയ്തു. അതോടെയാണ് ബംഗ്ലാദേശ് പൗരത്വരേഖകളും മറ്റും കണ്ടെത്തിയത്. നാവികസേനാ അധികൃതരുടെ വിശദ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ബിപ് ലോബ് സോറനെ പയ്യന്നൂര്‍ പോലീസിന് കൈമാറി. ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ആക്ട് 2025, ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട് 1923 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.

വിസയും പാസ്‌പോര്‍ട്ടുമില്ലാതെ കണ്ണൂര്‍ നഗരത്തിലെ സ്പാ മസാജ് സെന്ററില്‍ ജോലിചെയ്ത അഞ്ച് ബംഗ്ലാദേശി യുവതികളെ കണ്ണൂര്‍ ടൗണ്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബിപ് ലോബ് സോറനെ റിമാന്‍ഡ് ചെയ്തു

Tags

Share this story

From Around the Web