നേന്ത്രക്കായക്കും പഴത്തിനും വിപണിയില്‍ വില കുതിക്കുന്നു,ഉപ്പേരിയും ശര്‍ക്കര വരട്ടിയും കൈപൊള്ളിക്കുമോ?
വയനാട്: ഓണസദ്യ പൂര്‍ണമാകണമെങ്കില്‍ ഉപ്പേരിയും ശര്‍ക്കര വരട്ടിയും നിര്‍ബന്ധമാണ്. എന്നാല്‍ ഇത്തവണ രുചിയോടൊപ്പം പോക്കറ്റും കാലിയാക്കും. നേന്ത്രക്കായക്കും പഴത്തിനും വിപണിയില്‍ വില കുതിക്കുകയാണ്.
60 രൂപയാണ് ഒരു കിലോ നേന്ത്രപ്പഴത്തിന്റെ വില. വില കൂടിയെങ്കിലും കൊടുക്കാന്‍ വാഴക്കുല ഇല്ലാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. നേന്ത്രക്കായുടെ വില ഉയര്‍ന്നത് ജനങ്ങളെ സംബന്ധിച്ച് പോക്കറ്റ് കാലിയാവുന്നതാണെങ്കിലും, കര്‍ഷകര്‍ക്ക് ആശ്വാസമാണ്.
50 രൂപ നിരക്കിലാണ് മൊത്തക്കച്ചവടക്കാര്‍ നേന്ത്രക്കായ വാങ്ങുന്നത്. നിലവില്‍ വിപണി വില നേന്ത്രക്കായക്ക് 60 മുതല്‍ 65 രൂപ വരെയാണ്. മൈസൂര്‍ പഴത്തിനും, പൂവന്‍ പഴത്തിനും വില ഉയര്‍ന്നു തന്നെ.
ഓണം വിപണിയാണ് കര്‍ഷകര്‍ക്ക് അല്പമെങ്കിലും ലാഭം നല്‍കുന്നത്. ഓണ വിപണി ലക്ഷ്യമിട്ട് നട്ട് ഏക്കര്‍ കണക്കിന് വാഴക്കുലകള്‍ കനത്ത കാറ്റിലും മഴയിലും നശിച്ചത് പല കര്‍ഷകര്‍ക്കും തിരിച്ചടിയായി.
നേന്ത്രക്കായയുടെ ലഭ്യതക്കുറവ് പതിവാകുമ്പോള്‍ വ്യാപാരികള്‍ ആശ്രയിക്കാറുള്ള തമിഴ്‌നാട്ടിലും കര്‍ണാടകയിലും വില കൂടുതലാണ്. ഇത് കാരണം അവിടെനിന്നുള്ള ഇറക്കുമതിയും നിലച്ചിട്ടുണ്ട്.