പ്രളയത്തിലും കാറ്റിലും കേരളത്തിലെ വാഴക്കൃഷി നശിച്ചു. നേട്ടം തമിഴ്നാടിന്.ഓണത്തിനു മലയാളിക്ക് സദ്യ കഴിക്കാന്‍ ഇല തമിഴ്നാട്ടില്‍ നിന്ന് എത്തണം
കോട്ടയം: പ്രളയത്തിലും കാറ്റിലും കേരളത്തിലെ വാഴക്കൃഷി നശിച്ചു, നേട്ടം തമിഴ്നാടിന്. ഓണത്തിനു മലയാളിക്ക് സദ്യ കഴിക്കാന്‍ ഇല തമിഴ്നാട്ടില്‍ നിന്ന് എത്തണമെന്ന അവസ്ഥയാണ്. കേരളത്തിലെ ഡിമാന്‍ഡ് കണക്കിലെടുത്ത് ഇലയൊന്നിന് വില പത്തു രൂപയായി ഉയരുന്നു.
കേരളത്തില്‍ ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ വലിയ തോതില്‍ വാഴക്കൃഷിയുണ്ടെങ്കിലും ഇല വില്‍ക്കുന്നവര്‍ തീരെ കുറവാണ്. കാലവര്‍ഷത്തില്‍ അവശേഷിച്ച വാഴകളും നശിച്ചു.

കേരളത്തിന് ആവശ്യമായ വാഴയിലയില്‍ 90 ശതമാനവും തമിഴ്നാട്ടിലെ മേട്ടുപ്പാളയം, ചിന്നത്തടാകം, തൃശിനാപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്. ഒരേക്കറില്‍ നിന്ന് നല്ല ലാഭം ഇവിടുത്തുകാര്‍ക്ക് ഇലക്കച്ചവടത്തില്‍ നിന്ന് കിട്ടുന്നുണ്ട്.
ഞാലിപ്പൂവന്‍ വാഴയാണ് ഇലയ്ക്കായി കൃഷി ചെയ്യുന്നത്. ഇലയാണ് വരുമാനമാര്‍ഗമെന്നതിനാല്‍ കായയ്ക്ക് വലിയ പ്രാധാന്യം നല്‍കാറില്ല. വര്‍ഷം മുഴുവന്‍ വലിയ പരിചരണമില്ലാതെ വരുമാനം നല്‍കാന്‍ വാഴയിലക്കൃഷിക്ക് സാധിക്കും.
വാഴയിലയ്ക്ക് ഡിമാന്‍ഡുണ്ടെങ്കിലും ഇതിനെ നഷ്ടസാധ്യതയില്ലാത്ത ബിസിനസ്സായി കാണരുത്. ശക്തമായ കാറ്റിലും മഴയിലും ഇല കീറിപ്പോകുന്നത് ഉല്‍പ്പന്നത്തിന്റെ വിപണിമൂല്യം കുറയ്ക്കാം. രോഗങ്ങളും കീടങ്ങളും ഗുണമേന്മയെ ബാധിക്കും.