പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും; ദേശീയ പാതയിൽ ആമ്പല്ലൂരിലും മുരിങ്ങൂരിലും ഗതാഗതക്കുരുക്ക് തുടരുന്നതായി തൃശ്ശൂർ കളക്ടർ

പാലിയേക്കരയില്‍ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും. ടോള്‍ പിരിവ് വിലക്കിക്കൊണ്ടുള്ള ഉത്തരവിന്‍റെ കാലാവധി ഹൈക്കോടതി വെള്ളിയാഴ്ചവരെ നീട്ടി.
ടോള്‍ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തില്‍ വെള്ളിയാഴ്ച വിധി പറയാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അതേ സമയം ടോള്‍ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ടോള്‍ നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച് നിലപാടറിയിച്ചത്.
ടോള്‍ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ടോള്‍ നിരക്ക് കുറയ്ക്കാന്‍ ദേശീയപാതാ അതോറിറ്റിക്കാണ് അധികാരമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചോയെന്ന് കോടതി ചോദിച്ചു.
മുരിങ്ങൂരിലും ആമ്പല്ലൂരിലും ഇപ്പോഴും ഗതാഗതക്കുരുക്കുണ്ടെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു.
പേരാമ്പ്രയിലും, ചിറങ്ങരയിലും തിരക്കുള്ള സമയങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടെന്നും കലക്ടര്‍ ബോധിപ്പിച്ചു
തിരക്കുള്ള സമയങ്ങളില്‍ രാജ്യത്ത് എല്ലായിടത്തും ഗതാഗതക്കുരുക്ക് ഉണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം.
ട്രാഫിക് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ടോള്‍ പിരിവിന് അനുമതി നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ദേശീയപാതാ അതോറിറ്റിക്ക് നല്‍കണമെന്നും ജില്ലാ കളക്ടറോട് കോടതി ആവശ്യപ്പെട്ടു.
ടോള്‍ പിരിവ് പുനരാരംഭിക്കുന്ന കാര്യത്തില്‍ വെള്ളിയാഴ്ച വിധി പറയാമെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്,ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് 6നായിരുന്നു പാലിയേക്കരയില്‍ ടോള്‍ പിരിവ് വിലക്കിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്