തമിഴ്‌നാട്ടിൽ നിന്ന് നിർമാണസാമഗ്രികൾക്ക് വിലക്ക്; കേരളത്തിലെ നിർമാണമേഖലയ്ക്ക് തിരിച്ചടി

 
mixture

ചെന്നൈ: കല്ല്, ജെല്ലി, എം-സാൻഡ് ഉൾപ്പെടെയുള്ള നിർമാണസാമഗ്രികൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് മൂന്ന് മാസത്തേക്ക് നിരോധിച്ച് തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. ജിയോളജി ആൻഡ് മൈനിങ് വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി വിജയ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം തമിഴ്‌നാട്ടിൽ നിന്ന് കേരളം, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്ക് നിർമാണസാമഗ്രികൾ കൊണ്ടുപോകാൻ കഴിയില്ല. എന്നാൽ പുതുച്ചേരിക്കും കാരെയ്ക്കലിനും വിലക്കിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്തിനുള്ളിൽ നിർമാണസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുകയും വിലക്കയറ്റം നിയന്ത്രിക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത് ഏകദേശം 3,000 ക്വാറികളും 400-ഓളം അംഗീകൃത എം-സാൻഡ് നിർമാണ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തേനി, കോയമ്പത്തൂർ ജില്ലകളിൽ നിന്നുള്ള സാമഗ്രികളാണ് പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. അതിർത്തി ജില്ലകളിലെ കളക്ടർമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും വിലക്ക് കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

മൂന്ന് മാസത്തേക്കുള്ള വിലക്കാണെങ്കിലും ഇത് സ്ഥിരമാക്കണമെന്ന് പി.എം.കെ. ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും നിർമാണ മേഖലയിലെ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. അയൽസംസ്ഥാനങ്ങളിലേക്കുള്ള വ്യാപകമായ ചരക്കുനീക്കം മൂലം തമിഴ്‌നാട്ടിൽ നിർമാണസാമഗ്രികളുടെ വില അടുത്തിടെ 30 ശതമാനം വരെ ഉയർന്നെന്നാണ് അവരുടെ വാദം.

Tags

Share this story

From Around the Web