ശ്വാസമില്ലാതെ 61 മിനിറ്റിന് ശേഷം തിരികെ ജീവിതത്തിലേക്ക്; ആര്‍ച്ചുബിഷപ് ഷീനിന്റെ വാഴ്ത്തപ്പെട്ട പദവിക്ക് കാരണമായ അത്ഭുതം

 
Sheen

ആര്‍ച്ചുബിഷപ് ഫുള്‍ട്ടന്‍ ഷീനിനെ 24-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനിരിക്കെ അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് നിന്നുള്ള ട്രാവിസ്  ബോണി ദമ്പതികളുടെ കുഞ്ഞിന് ലഭിച്ച അത്ഭുത സൗഖ്യം ഒരിക്കല്‍ കൂടെ ശ്രദ്ധ നേടുകയാണ്. ഈ അത്ഭുതമാണ് ആര്‍ച്ചുബിഷപ് ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനായി വത്തിക്കാന്‍ അംഗീകരിച്ചത്.

2010 സെപ്റ്റംബര്‍ 16-നാണ് ഒരു മണിക്കൂറിലധികം സമയം ശ്വസിക്കാതിരുന്ന കുട്ടി ജീവിതത്തിലേക്ക് മടങ്ങി വന്ന ആ മഹാത്ഭുതം സംഭവിച്ചത്. പിറന്നുവീണ കുഞ്ഞ് ശ്വാസമെടുക്കുന്നുണ്ടായിരുന്നില്ല. കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ഒപ്പമുണ്ടായിരുന്ന മെഡിക്കല്‍ വിദഗ്ധര്‍ നടത്തിയ ശ്രമങ്ങളും വിജയിക്കുന്നില്ല എന്ന് മനസിലാക്കിയ പിതാവ് ട്രാവിസ് കുഞ്ഞിന് വീട്ടുമാമ്മോദീസ നല്‍കാന്‍ തീരുമാനിച്ചു.

വെള്ളമെടുത്ത് കുഞ്ഞിന്റെ നെറ്റിയില്‍ കുരിശടയാളം വരച്ച് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ 'ജെയിംസ് ഫുള്‍ട്ടണ്‍' എന്ന് ആര്‍ച്ചുബിഷപ് ഷീനിന്റെ പേര് നല്‍കി പിതാവ് ആ കുഞ്ഞിനെ മാമ്മോദീസ മുക്കി. ആ സമയത്തും കുഞ്ഞില്‍ ജീവന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് കുഞ്ഞിനെ പിയോറിയയിലെ ഒരു മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ അവനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ ജീവന്റെ യാതൊരുവിധ ലക്ഷണങ്ങളുമില്ലാതെ കൃത്യം 61 മിനിറ്റ് കടന്നുപോയി. ഡോക്ടര്‍മാര്‍ മരണസമയം കുറിക്കാന്‍ തയാറെടുക്കുന്നതിനിടയിലാണ് ആ അത്ഭുതം സംഭവിച്ചത്- ജെയിംസിന്റെ ചെറിയ ഹൃദയം വീണ്ടും മിടിക്കാന്‍ തുടങ്ങി!

ഈ 61 മിനിറ്റുകളിലും ജെയിംസിന്റെ മാതാപിതാക്കളും ബന്ധുക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളും ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ജെ. ഷീന്റെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കുകയായിരുന്നു. ആ കുഞ്ഞിന് ആര്‍ച്ചുബിഷപ്പിന്റെ പേരാണ് നല്‍കിയിരുന്നത് എന്നതും ശ്രദ്ധേയമാണ്.

മരണത്തില്‍ നിന്ന് തിരികെ വന്നുവെങ്കിലും, തലച്ചോറിലേക്ക് ഓക്സിജന്‍ കിട്ടാത്തതിനാല്‍ കുട്ടിക്ക് ഗുരുതരമായ അംഗവൈകല്യങ്ങള്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം എടുത്ത എം.ആര്‍.ഐ സ്‌കാന്‍ ഫലം എല്ലാ ഡോക്ടര്‍മാരെയും ഞെട്ടിച്ചു. ജെയിംസിന്റെ തലച്ചോറില്‍ യാതൊരുവിധ തകരാറുകളോ വീക്കങ്ങളോ ഇല്ലായിരുന്നു! 'ഇങ്ങനെ സംഭവിക്കാന്‍ സാധ്യത ഇല്ല, ഇതൊരു അത്ഭുതമാണ്' എന്നായിരുന്നു മെഡിക്കല്‍ സംഘത്തിന്റെ പ്രതികരണം. ദൈവം തങ്ങളുടെ കുഞ്ഞിനായി ഒരു അത്ഭുതം പ്രവര്‍ത്തിച്ചിരിക്കുന്നു എന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു.

മരണത്തിന്റെ വക്കില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ആ കുഞ്ഞ് ഇന്ന് ഒരു മിടുക്കനായ 16 വയസ്സുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഫുട്ബോള്‍ കളിക്കാനും മാതാപിതാക്കളെയും ഇടവകാംഗങ്ങളെയും സഹായിക്കാനും ജയിംസ് ഇപ്പോള്‍ മുന്‍പന്തിയിലുണ്ട്.

'ഞാന്‍ ആര്‍ച്ചുബിഷപ് ഷീനിനോട് പ്രാര്‍ത്ഥിക്കാറുണ്ട്, അദ്ദേഹം എന്റെ ജീവിതത്തില്‍ എന്നെ സഹായിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു,' എന്നാണ് തനിക്ക് ജീവിതം തിരികെ തന്ന ഫുള്‍ട്ടണ്‍ ഷീനെക്കുറിച്ച് ജെയിംസ് പറയുന്നത്. വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത ആ അത്ഭുതം, വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ശക്തി ലോകത്തിന് ഒരിക്കല്‍ കൂടി തെളിയിച്ചുകൊടുക്കുന്നു.

Tags

Share this story

From Around the Web