പ്രസവത്തില്‍ ആണ്‍കുഞ്ഞിനെ കിട്ടിയില്ല; ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ്
മധ്യപ്രദേശ്: പ്രസവത്തില്‍ ആണ്‍കുഞ്ഞിനെ കിട്ടാത്തതിന്റെ ദേഷ്യത്തില്‍ ഒരു ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മാതാവ്. മധ്യപ്രദേശിലെ അശോക് നഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ മധ്യപ്രദേശ് ചന്ദേരി സ്വദേശിയായ 24കാരി ഭാവന വിശ്വകര്‍മ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ചയാണ് യുവതി ജില്ലാ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് ശേഷം കുഞ്ഞിനെ എസ്എന്‍സിയുവില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് താന്‍ ജന്മം നല്‍കിയത് പെണ്‍കുഞ്ഞിനാണെന്നറിഞ്ഞ യുവതി ഭര്‍തൃമാതാവ് ഉറങ്ങുന്ന സമയം നോക്കി പുതപ്പുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞിന്റെ വായില്‍ നിന്നും രക്തം വരുന്നത് കണ്ട് കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം യുവതി ഭര്‍തൃമാതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുഞ്ഞിന്റെ മരണകാരണം ശ്വാസം മുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് യുവതിയുടെ മൊഴിയെടുത്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലില്‍ പെണ്‍കുഞ്ഞ് ജനിക്കാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് യുവതി സമ്മതിക്കുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ രാജീവ് മിശ്ര പറഞ്ഞു.
യുവതിക്ക് രണ്ട് വയസ്സുള്ള ഒരു മകനും കൂടിയുണ്ട്. രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തുന്നതിലെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ആശങ്കയും വീട്ടുകാരുടെ പരിഹാസം നേരിടേണ്ടി വരുമോയെന്ന ഭയവുമാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവതി വ്യക്തമാക്കിയെതെന്നും പൊലീസ് അറിയിച്ചു.