ശിശുക്ഷേമ സമിതിയില്‍ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരും ക്രിസ്മസ് ആഘോഷിച്ചു
തിരുവനന്തപുരം: ക്രിസ്മസ് തൊപ്പികളും വെള്ളയുടുപ്പുകളും അണിഞ്ഞ് അവര്‍ കാത്തിരുന്നു. ബലൂണുകളും നക്ഷത്രങ്ങളും കൊണ്ട് വര്‍ണാഭമായ സമിതിയുടെ മുറ്റത്തേക്ക് കുരുന്നുകളെ കാണാനെത്തി മന്ത്രി വീണാ ജോര്‍ജ്.
വീട് - ബാലിക മന്ദിരം, ചൈള്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കായി തൈക്കാട് സമിതി ഹാളില്‍ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടിയിലാണ് ശിശുക്ഷേമസമിതിയുടെ വൈസ് പ്രസിഡന്റ് കൂടിയായ മന്ത്രി പങ്കെടുത്തത്.
കുഞ്ഞുങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്.
കുട്ടികള്‍ പകരുന്ന സ്‌നേഹ വിതുമ്പലുകള്‍ ലോകത്തിനായി പകര്‍ന്നു നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
ഒന്നര വയസു മുതല്‍ പതിനാറ് വയസ്സുവരെയുള്ള കുട്ടികളാണ് ആഘോഷത്തിന്റെ ഭാഗമായത്. മന്ത്രിക്കൊപ്പം ക്രിസ്മസ് പാട്ടുകള്‍ പാടി കുട്ടികള്‍ ആഘോഷം കളറാക്കി.
സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി എല്‍ അരുണ്‍ ഗോപി, തിരുവനന്തപുരംചൈള്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോഹന്‍ രാജ്, ജില്ലാ ചൈള്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുജ എസ് ജെ, തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശനന്‍, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പി സുമേശന്‍ ജോയിന്റ് സെക്രട്ടറി മീരാ ദര്‍ശക്, ട്രഷറര്‍ കെ ജയപാല്‍,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഒ എം ബാലകൃഷ്ണന്‍, എം കെ പശുപതി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.