അസർബൈജാന്റെ ക്രൂരത... പുരാതന അർമേനിയൻ കത്തീഡ്രൽ തകർത്തു
നാഗർണോ-കറാബാക്ക് പ്രദേശം പിടിച്ചെടുത്തതിന് പിന്നാലെ അർമേനിയൻ ക്രിസ്ത്യൻ പൈതൃകങ്ങളെ ലക്ഷ്യമിട്ട് അസർബൈജാൻ നടത്തുന്ന നീക്കങ്ങൾ വൻ വിവാദമാകുന്നു. Artsakhന്റെ തലസ്ഥാനമായ സ്റ്റെപ്പാനകെർട്ടിലെ പ്രധാന അർമേനിയൻ പള്ളിയായ 'ഹോളി മദർ ഓഫ് ഗോഡ് കത്തീഡ്രൽ' അസർബൈജാൻ അധികൃതർ തകർത്തു.
ഒരു സമുദായത്തിന്റെ സാംസ്കാരികവും മതപരവുമായ അടയാളങ്ങൾ ആസൂത്രിതമായി ഇല്ലാതാക്കാനാണ് അസർബൈജാൻ ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അർട്സാഖിലെ അർമേനിയൻ ക്രൈസ്തവരുടെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നായിരുന്നു ഇത്.
2006-ൽ തറക്കല്ലിടുകയും 2019-ൽ വെഞ്ചരിക്കുകയും ചെയ്ത ഈ കത്തീഡ്രൽ വെറും മൂന്ന് പതിറ്റാണ്ടിനുള്ളിൽ തന്നെ ഏറ്റവും വലിയ മതപരമായ അടയാളമായി മാറിയിരുന്നു. വാസ്തുശില്പി ഗാഗിക് യെറാനോസ്യാൻ രൂപകൽപ്പന ചെയ്ത ഈ പള്ളി പ്രദേശത്തെ അർമേനിയൻ ജനതയുടെ സ്വത്വത്തിന്റെ ഭാഗമായിരുന്നു.
അർമേനിയൻ വംശഹത്യയുടെ 111-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ തകർക്കൽ നടന്നതെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പള്ളി തകർക്കുന്നതിന് മുൻപ് തന്നെ അസർബൈജാനി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇതിനായി ആഹ്വാനം ഉയർന്നിരുന്നതായി അർട്സാഖ് സാംസ്കാരിക പൈതൃക ഓംബുഡ്‌സ്മാൻ ഹോവിക് അവനെസോവ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് തന്നെ സ്റ്റെപ്പാനകെർട്ടിലെ മറ്റൊരു പള്ളിയായ 'സെന്റ് ഹക്കോബ്'പള്ളിയും അസർബൈജാൻ തകർത്തിരുന്നു. അർമേനിയൻ ചരിത്രവും സാന്നിധ്യവും ആ പ്രദേശത്ത് നിന്ന് പൂർണ്ണമായും തുടച്ചുനീക്കാനാണ് അസർബൈജാൻ ശ്രമിക്കുന്നത്.
പള്ളികൾ തകർക്കുന്നത് കേവലം കെട്ടിടങ്ങൾ നശിപ്പിക്കലല്ല, മറിച്ച് ഒരു ജനതയുടെ ചരിത്രപരമായ ഓർമ്മകളെയും മതപരമായ ജീവിതത്തെയും ഇല്ലാതാക്കലാണെന്ന് അവനെസോവ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സമൂഹം വെറും പ്രസ്താവനകളിൽ ഒതുങ്ങാതെ ശക്തമായി ഇടപെട്ടില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.