പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ തകർത്ത് അസർബൈജാൻ ഭരണകൂടം
യെരെവാന്‍/അര്‍മേനിയ: വിവാദപ്രദേശമായ നാഗോര്‍ണോ-കരാബഖില്‍ സ്ഥിതിചെയ്തിരുന്ന പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള അര്‍മേനിയന്‍ കത്തീഡ്രല്‍ അസര്‍ബൈജാന്‍ ഏപ്രില്‍ ആദ്യം പൊളിച്ചുനീക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അര്‍മേനിയ-അസര്‍ബൈജാന്‍ ബന്ധത്തില്‍ വീണ്ടും വിള്ളല്‍.
അര്‍മേനിയന്‍ അപ്പസ്‌തോലിക സഭ അസര്‍ബൈജാന്റെ നടപടിയെ ശക്തമായി അപലപിച്ചു. ഇത് പ്രദേശത്ത് നിന്ന് ‘അര്‍മേനിയന്‍ സാന്നിധ്യം ഇല്ലാതാക്കാനുള്ള ശ്രമം’ ആണെന്ന് അര്‍മേനിയന്‍ സഭ പ്രതികരിച്ചു.
2023-ല്‍ അസര്‍ബൈജാന്‍ നടത്തിയ സൈനിക നീക്കത്തെ തുടര്‍ന്ന് സ്വയം പ്രഖ്യാപിത ആര്‍ട്‌സാഖ് റിപ്പബ്ലിക്ക് നിലനിന്നിരുന്ന ഈ പ്രദേശം പൂര്‍ണമായും ഇപ്പോള്‍ അസര്‍ബൈജാന്റെ നിയന്ത്രണത്തിലാണ്. ഒരു ലക്ഷംത്തിലധികം അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ ഇവിടെ നിന്ന് അന്ന് പലായനം ചെയ്തിരുന്നു.
പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ നിലനിന്നിരുന്ന സ്ഥലം ശൂന്യമായതായി ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ച് അര്‍മേനിയന്‍ മാധ്യമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 2006-ല്‍ നിര്‍മ്മാണം ആരംഭിച്ച് 2019-ല്‍ കൂദാശ ചെയ്ത ഈ കത്തീഡ്രല്‍, നാഗോര്‍ണോ-കരാബഖിലെ ഏറ്റവും വലിയ അര്‍മേനിയന്‍ ദേവാലയമായിരുന്നു.
2020-ലെ യുദ്ധകാലത്ത് ബോംബ് ഷെല്‍ട്ടറായും ഇത് ഉപയോഗിച്ചിരുന്നുവെങ്കിലും, വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. അതേ സമയം, ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ പ്രദേശത്തെ മറ്റൊരു ദേവാലയമായ സെന്റ് ജേക്കബ് ദേവാലയവും പൊളിച്ചുനീക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്തെ ക്രൈസ്തവ പൈതൃകം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അസര്‍ബൈജാന്‍ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ദേവാലയങ്ങളുടെ നശീകരണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.