എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം; മലയാളിത്തനിമ വിളിച്ചോതിയ പ്രദക്ഷിണം ഭക്തിസാന്ദ്രം
എയ്ല്‍സ്ഫോര്‍ഡ്: കര്‍മ്മലമാതാവിന്റെ പ്രത്യക്ഷീ കരണത്താല്‍ പ്രസിദ്ധവും വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ കര്‍മഭൂമിയുമായിരുന്ന ബ്രിട്ടനിലെ എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ഒന്‍പതാമത് ‘എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ആത്മീയ ആഘോഷമായി മാറി.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കിയ തീര്‍ത്ഥാടനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും സമര്‍പ്പിതരും വിശ്വാസികളും പങ്കെടുത്തു. കൊടി യേറ്റിനു ശേഷം സ്വര്‍ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നില്‍ പരിശുദ്ധ ജപമാലയോടുകൂടി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.
കര്‍മ്മലമാതാവിനെ തിരുസ്വരൂപം തോളില്‍ സംവഹിച്ചുകൊണ്ട് ജപമാല പ്രാര്‍ത്ഥനയില്‍ രൂപതാധ്യക്ഷനോടൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം പങ്കുചേര്‍ന്നു. തുടര്‍ന്ന് മാര്‍ ജോസഫ് സ്രാമ്പി ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വികാരി ജനറല്‍ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട,് ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, കാന്റര്‍ബറി റീജിയണല്‍ കോ- ഓര്‍ഡിനേറ്റര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, തീര്‍ത്ഥാടനം കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഷിനോജ് കളരിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കര്‍മ്മലമാതാ വിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട്, കൊടിതോരണങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടുകൂടി സീറോ മലബാര്‍ സഭയുടെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന തരത്തില്‍ തിരുനാള്‍ പ്രദിക്ഷണം നടന്നു.
ലണ്ടന്‍ റീജിയണിലെ വിവിധ മിഷനുകളുടെ സഹകരണത്തോടെ നടത്തിയ തീര്‍ത്ഥാടനത്തിന് ഫാ. ഷിനോജ് കളരിക്കലിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരായ ഷിജു ആന്റണി , സുമിന്‍ , കുസുമം ജോസഫ് എന്നിവരുള്‍പ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് നേതൃത്വം നല്‍കിയത്.