ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കെടുത്തത് അയ്യായിരത്തോളം വിശ്വാസികള്‍

ന്യൂയോര്‍ക്ക്: ആഗോള പ്രസിദ്ധമായ ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ സംഘടിപ്പിക്കപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കെടുത്തത് അയ്യായിരത്തോളം വിശ്വാസികള്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14 ചൊവ്വാഴ്ചയാണ് നാപ്പ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ആറാമത് വാര്‍ഷിക ദിവ്യകാരുണ്യ പ്രദിക്ഷണം ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്നത്.
സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ ദിവ്യകാരുണ്യ ആരാധനയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും നേരത്തെ തന്നെ ആയിരകണക്കിന് വിശ്വാസികള്‍ ഒരുമിച്ചുകൂടിയിരിന്നു. മംഗോളിയ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന മിഷന്‍ അധികാരപരിധിയായ ഉലാന്‍ബാതറിലെ അപ്പസ്‌തോലിക് പ്രിഫെക്റ്റായ കര്‍ദ്ദിനാള്‍ ജോര്‍ജിയോ മാരെങ്കോ സന്ദേശം നല്‍കി.
ഈ രാജ്യത്തിലോ, ഗ്രഹത്തിലോ, പ്രപഞ്ചത്തിലോ വിശുദ്ധ കുര്‍ബാനയുടെ മൂല്യത്തെ മറികടക്കാന്‍ ഒന്നിന്നും കഴിയില്ലായെന്നും നമുക്ക് ജീവന്‍ നല്‍കാന്‍ കഴിയുന്ന മറ്റൊന്നില്ലായെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
'ദി ചോസണ്‍' എന്ന ടിവി പരമ്പരയില്‍ യേശുവിനെ അവതരിപ്പിച്ച നടന്‍ ജോനാഥന്‍ റൂമിയും സന്ദേശം നല്‍കിയിരിന്നു. 'വിശുദ്ധ കുര്‍ബാന സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയാണ്' എന്ന വിശുദ്ധ കാര്‍ളോ അക്യുട്ടിസിന്റെ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ടാണ് റൂമി സന്ദേശം ആരംഭിച്ചത്.
ചുറ്റുമുള്ള ലോകത്തിന് മുന്നില്‍ യേശുവാകാന്‍ ടിവിയില്‍ അവതരിപ്പിക്കേണ്ടതില്ലായെന്നും വിശുദ്ധ കാര്‍ളോയെപ്പോലെ ദിവ്യകാരുണ്യത്തെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ നമുക്ക് ഇത് ചെയ്യാന്‍ കഴിയുമെന്നും റൂമി വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
നോര്‍ ഈസ്റ്റര്‍ പ്രദേശത്ത് നിന്നു ആരംഭിച്ച പ്രദിക്ഷണം പ്രതികൂലമായ കാലാവസ്ഥയെ വകവെയ്ക്കാതെ സ്തുതി ആരാധന ഗീതങ്ങളോടെ നീങ്ങി. വൈകുന്നേരം 5 മണിക്കു തിരക്കേറിയ സമയത്താണ് ടൈംസ് സ്‌ക്വയറില്‍ ദിവ്യകാരുണ്യ പ്രദിക്ഷണത്തിന് സമാപനമായത്. ന്യൂയോര്‍ക്കിലെ കര്‍ദ്ദിനാള്‍ തിമോത്തി ഡോളനാണ് സമാപന ആശീര്‍വാദം നല്‍കിയത്.