പാർശ്വവൽക്കരണവും ധ്രുവീകരണവും ഒഴിവാക്കണം: അച്ചേറയിലെ പൗരന്മാരോട് പാപ്പാ
അച്ചേറയിലെ ജനതയോടൊപ്പം ആയിരിക്കുവാൻ അവസരം ലഭിച്ചതിനു നന്ദി പറഞ്ഞുകൊണ്ടാണ്, മെയ് മാസം ഇരുപത്തിമൂന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, തന്റെ സന്ദർശന വേളയിൽ പ്രവിശ്യയിലെ മേയർമാരും, വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയിൽ നടത്തിയ സന്ദേശം ആരംഭിച്ചത്. ഒരു അനീതിക്കും മായ്ക്കാൻ കഴിയാത്ത ഒരു പ്രദേശമാണ് അച്ചേറ എന്നത് എടുത്തു പറഞ്ഞ പാപ്പാ, ഒരു സൗന്ദര്യം എത്രത്തോളം ദുർബലമാണോ അത്രത്തോളം ശ്രദ്ധയും ഉത്തരവാദിത്വവും ആവശ്യമാണെന്ന് ജീവിതത്തിൽ നാം മനസിലാക്കണമെന്നും കൂട്ടിച്ചേർത്തു.
മരണത്തിന്റെ ഭീഷണികൾ ഉയരുമ്പോൾ, ദൈവത്തിൽ നിന്നുമുള്ള ജീവിത പദ്ധതികളിൽ സഹകരിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. തിന്മയെചെറുത്തുനിൽക്കുവാനും, ഒരു സിനഡൽ സഭയായി ഒരുമിച്ചു നടക്കുവാനും, സമൂഹത്തിൽ പ്രവാചകധീരത ഉൾക്കൊള്ളുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
അനീതികൾ ഏറെ നിലനിൽക്കുന്ന ഒരു സാഹചര്യത്തിൽ, ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനും, അപരനെ സേവിക്കുവാനും, പക്ഷപാതപരമായ താൽപ്പര്യങ്ങൾ മാറ്റിവച്ചുകൊണ്ട് പൊതുനന്മയ്ക്കായി പ്രവർത്തിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. തുടർന്ന് പാരിസ്ഥിതികമായ പ്രശ്നങ്ങൾ ഏറെ നേരിട്ടിട്ടുള്ള ഒരു നാടെന്ന നിലയിൽ, പാരിസ്ഥിതിക സംസ് കാരത്തെ പാരിസ്ഥിതിക തകർച്ച, പ്രകൃതി ശേഖരങ്ങളുടെ ശോഷണം, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളോട് അടിയന്തിരവും എന്നാൽ ഭാഗികവുമായ പ്രതികരണങ്ങളുടെ ഒരു പരമ്പരയായി ചുരുക്കാൻ കഴിയില്ലയെന്നും, അത് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട്, ഒരു ചിന്ത, ഒരു നയം, ഒരു വിദ്യാഭ്യാസ പരിപാടി, ഒരു ജീവിതശൈലി, ഒരു ആത്മീയത എന്നിവയായിരിക്കണമെന്നും, അത് സാങ്കേതിക മാതൃകയുടെ മുന്നേറ്റത്തെ അഭിമുഖീകരിക്കുന്ന ഒരു ചെറുത്തുനിൽപ്പിന് രൂപം നൽകുന്നതാകണമെന്നും, ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സി ചാക്രികലേഖനത്തിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.
ചുരുക്കം ചിലരുടെ ലാഭം ലക്ഷ്യമിടുന്ന ഒരു സാങ്കേതിക വികസനത്തിൽ രാഷ്ട്രീയ, ഭരണ ഉത്തരവാദിത്വമുള്ളവർ സജീവമാകരുതെന്നും പാപ്പാ പറഞ്ഞു. ചെറുപ്പക്കാരുടെ വിദ്യാഭ്യാസം ഇത്തരുണത്തിൽ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ഏറെ സഹായകരമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഓരോരുത്തരുടെയും ജീവിതാവസ്ഥകൾ വ്യത്യസ്തമാണെങ്കിലും, എല്ലാവർക്കും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ സംഭാവനകൾ നൽകുവാൻ സാധിക്കുമെന്നും, ഇതാണ് ഒരു സമൂഹത്തിനു രൂപം നൽകുന്നതെന്നും പറഞ്ഞ പാപ്പാ, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, യേശുവിനോടൊപ്പം "വഴിയൊരുക്കുക" എന്നാണ് അതിന്റെ അർത്ഥമെന്നും കൂട്ടിച്ചേർത്തു.
ആളുകൾ, സ്ഥാപനങ്ങൾ, പൊതു, സ്വകാര്യ സംഘടനകൾ എന്നിവ തമ്മിൽ, വിദ്യാഭ്യാസ, സാമൂഹിക തലങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കണമെന്നും, ഇത് മികച്ച ശക്തികളെയും, ആശയങ്ങളെയും ക്രിയാത്മകമായി ബന്ധിപ്പിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു. ഭൂമി, ജലം, വായു, സഹവർത്തിത്വം എന്നിവയെ മലിനമാക്കുന്ന പ്രലോഭനങ്ങളെ തള്ളിക്കളയണമെന്നും, സൃഷ്ടിയുടെ പരിപാലനത്തിന് ജാഗ്രത പുലർത്തുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
മനുഷ്യ ഹൃദയത്തോട് അടുത്തിരിക്കുക, എന്നാൽ അത് സൃഷ്ടിച്ച ദൈവത്തോട് കൂടുതൽ അടുക്കുക എന്നാണ് അർത്ഥമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു. അതിനാൽ ഏവരെയും ഉൾക്കൊള്ളുന്ന, പാർശ്വവൽക്കരണവും ധ്രുവീകരണവുംഇല്ലാത്ത കൂടുതൽ ഏകീകൃതമായ ഒരു സമൂഹമാണ് ഏവരും ആഗ്രഹിക്കുന്നതെന്നും പാപ്പാ പറഞ്ഞു. പാർശ്വവൽക്കരണം എല്ലായ്പ്പോഴും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അതിനാൽ അതിനെതിരെ പോരാടുവാൻ പാപ്പാ ഏവരെയും ക്ഷണിക്കുകയും ചെയ്തു. ഏവർക്കും തന്റെ പ്രാർത്ഥനകളും പാപ്പാ ഉറപ്പു നൽകി.