വിമാന ഇന്ധനവില കുത്തനെ കൂട്ടി; ലിറ്ററിന് 16 രൂപയുടെ വന്‍ വര്‍ധനവ,്ടിക്കറ്റ് നിരക്ക് ഇനിയും വര്‍ദ്ധിക്കുമെന്ന ആശങ്കയില്‍ പ്രവാസികളും യാത്രക്കാരും.
രാജ്യത്ത് വിമാന ഇന്ധനവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ വിമാന യാത്രാനിരക്കുകള്‍ ഇനിയും കുത്തനെ ഉയരാന്‍ സാധ്യത. ലിറ്ററിന് 16 രൂപയുടെ വന്‍ വര്‍ധനവാണ് എണ്ണക്കമ്പനികള്‍ ഒറ്റയടിക്ക് വരുത്തിയിരിക്കുന്നത്. ഇതോടെ 121 രൂപയില്‍ നിന്നിരുന്ന വിമാന ഇന്ധനവില 137 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. വിമാനക്കമ്പനികളുടെ മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ 40 മുതല്‍ 60 ശതമാനം വരെയും ഇന്ധനത്തിനായി മാത്രമാണ് ചെലവഴിക്കുന്നത്. രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലയിലുള്ള വ്യതിയാനങ്ങളും വിനിമയ നിരക്കിലെ മാറ്റങ്ങളുമാണ് ഈ വിലവര്‍ധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. വര്‍ദ്ധിച്ചുവരുന്ന ഈ ചെലവുകള്‍ പൂര്‍ണ്ണമായും നികത്താന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്ത അവസ്ഥയിലാണ് വിമാനക്കമ്പനികള്‍ ഉള്ളത്.
ഉത്സവ സീസണും അവധിക്കാലവും തൊട്ടുമുന്നില്‍ നില്‍ക്കെ വന്നെത്തിയ ഈ ഇന്ധനവില വര്‍ധനവ് സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും കനത്ത പ്രഹരമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ഈ നിരക്കുവര്‍ധന നേരിട്ട് ബാധിക്കും. യാത്രാക്കൂലി കുത്തനെ ഉയരുന്നത് അവധിക്കാല യാത്രാ പ്ലാനുകളെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസലോകം. കൂടാതെ, യാത്രാക്കൂലി വര്‍ദ്ധനവിന് പുറമെ എയര്‍ കാര്‍ഗോ വഴിയുള്ള ചരക്കുനീക്കത്തെയും ഈ പ്രതിസന്ധി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിമാനങ്ങള്‍ വഴിയുള്ള ചരക്കുകൂലി വര്‍ദ്ധിക്കുന്നത് കയറ്റുമതിച്ചെലവ് കൂട്ടുകയും, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന അവശ്യവസ്തുക്കളുടെ ആഭ്യന്തര വിപണിയിലെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും.