ടൂറിനിലെ തിരുക്കച്ച ഡിജിറ്റല്‍ രൂപത്തില്‍ ഓണ്‍ലൈനില്‍. പുതിയ സംവിധാനം ആദ്യമായി വീക്ഷിച്ച് ലിയോ പാപ്പ

 
papap 1111


വത്തിക്കാന്‍ സിറ്റി: യേശുവിന്റെ തിരുശരീരം പൊതിഞ്ഞ വസ്ത്രമായി വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ച ഡിജിറ്റല്‍ രൂപത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ലഭ്യമാകും.

 ജനുവരി 9 -ന് വത്തിക്കാനിലെ അപ്പോസ്തോലിക് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ലിയോ 14-ാമന്‍ മാര്‍പാപ്പ ഈ പുതിയ സംവിധാനം ആദ്യമായി വീക്ഷിച്ചു.

 ടൂറിന്‍ ആര്‍ച്ചുബിഷപ്പും തിരുക്കച്ചയുടെ സൂക്ഷിപ്പുകാരനുമായ കര്‍ദിനാള്‍ റോബര്‍ട്ടോ റെപ്പോളാണ് ഈ പദ്ധതി മാര്‍പാപ്പയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

avvolti.org, sindone.org എന്നീ വെബ്സൈറ്റുകള്‍ വഴി തിരുക്കച്ചയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനായി വീക്ഷിക്കാം. തിരുക്കച്ചയുടെ അതിസൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും ഹൈ-റെസല്യൂഷനില്‍ ഈ വെബ്സൈറ്റുകളിലൂടെ ലഭ്യമാകും.

 യേശുവിന്റെ മുഖം, മുറിവുകള്‍, ക്രൂശീകരണത്തിന്റെ അടയാളങ്ങള്‍ എന്നിവ വിശദമായി 'സൂം' ചെയ്ത് കാണാവുന്നതാണ്. തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്ന ഓരോ ഭാഗവും വിശദീകരിക്കുന്ന കുറിപ്പുകളും ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


തിരുക്കച്ചയെക്കുറിച്ച് മുന്‍ പരിചയമില്ലാത്തവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മനസിലാകുന്ന തരത്തിലാണ് ഡിജിറ്റല്‍ പതിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.   

2025 ജൂബിലി വര്‍ഷത്തില്‍ ടൂറിനില്‍ സ്ഥാപിച്ച അവോള്‍ട്ടി എന്ന  പേരിലുള്ള താല്‍ക്കാലിക പ്രദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഈ ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

Tags

Share this story

From Around the Web