ഓട്ടോ- ടാക്സി നിരക്ക് കൂടും; ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ. ഓട്ടോ ടാക്സി യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് നിരക്ക് കൂട്ടാമെന്ന് സർക്കാർ ഉറപ്പ് നൽകിയത്
തിരുവനന്തപുരം: നിരക്ക് പരിഷ്കരണം ആവശ്യപ്പെട്ട് ഓട്ടോ- ടാക്സി സേവനങ്ങളുടെ 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങാനിരിക്കെ, ഓട്ടോ- ടാക്സി നിരക്ക് കൂട്ടാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ.
ഓട്ടോ ടാക്സി യൂണിയനുകളുമായി ഗതാഗതമന്ത്രി സി പി ജോൺ നടത്തിയ ചർച്ചയിലാണ് നിരക്ക് കൂട്ടാമെന്ന് യൂണിയനുകൾക്ക് സർക്കാർ ഉറപ്പ് നൽകിയത്. ഇതോടെ പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകൾ തീരുമാനിച്ചു.
ജനുവരി ഒന്നുമുതൽ നിരക്ക് കൂട്ടാനാണ് ധാരണയായിരിക്കുന്നത്. നിരക്ക് എത്ര കൂട്ടണം എന്നതിൽ പഠനം നടത്താൻ കമ്മീഷനെ വെയ്ക്കുമെന്ന് സർക്കാർ അറിയിച്ചു.
ഓട്ടോറിക്ഷയുടെ മിനിമം ചാർജ് 30 രൂപയിൽ നിന്നും 50 ആയും ടാക്സിയുടെത് 250 രൂപയിൽ നിന്നും 300 രൂപയായും ഉയർത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
നിരക്കുകൾ പുതുക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിനു നിവേദനം നൽകിയിരുന്നു. തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ യോഗം വിളിച്ചെങ്കിലും തീരുമാനമായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.