എംവിഡിക്കെതിരെ പോസ്റ്റിട്ട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ.ആരോപണങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷിക്കും
മലപ്പുറം : മലപ്പുറം കിഴിശ്ശേരിയില്‍ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പോസ്റ്റിട്ട് ജീവനൊടുക്കിയ ഷൗക്കത്തിന്റെ ആരോപണങ്ങളില്‍ അന്വേഷണത്തിനൊരുങ്ങി എംവിഡി. മലപ്പുറം ആര്‍ടിഒ, ഗതാഗത കമ്മീഷണറേറ്റിലെ സീനിയര്‍ വിജിലന്‍സ് ഓഫീസര്‍ എന്നിവര്‍ അന്വേഷിക്കും. കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ഇന്ന് രാവിലെയാണ് ജീവനൊടുക്കിയത്. കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് തന്റെ ഉപജീവന മാര്‍ഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അധികൃതര്‍ പീഡിപ്പിച്ചുവെന്നതടക്കം വിശദമായ കുറിപ്പ് പങ്കുവെച്ച ശേഷമാണ് ഷൗക്കത്ത് ജീവനൊടുക്കിയത്.
തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരള മോട്ടോര്‍ വാഹന വകുപ്പ് മാത്രമാണെന്നാണ് ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വാഹനത്തിന്റെ ഫിറ്റ്‌നസ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും എംവിഡി ഓഫീസുകളുടെയും പിന്നാലെ നടക്കുകയായിരുന്നുവെന്നും, കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നസ് നിഷേധിക്കുകയായിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. വാഹനം നിരത്തിലിറക്കാന്‍ സാധിക്കാതായതോടെ വരുമാനം പൂര്‍ണമായി നിലയ്ക്കുകയും വായ്പാ തിരിച്ചടവുകള്‍ മുടങ്ങുകയും ചെയ്തു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയായിരുന്നുവെന്നും കുറിപ്പിലുണ്ട്.
തനിക്കൊപ്പം കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാല്‍ മരണശേഷവും തനിക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം ശബ്ദമുയര്‍ത്തണമെന്ന് ഷൗക്കത്ത് ആവശ്യപ്പെടുന്നു. ഈ മരണം ഒരു സിസ്റ്റത്തിനെതിരെയുള്ള പ്രതിഷേധമാണെന്നും, സാധാരണക്കാര്‍ക്ക് ഓരോ ആവശ്യത്തിനും കോടതികളെ സമീപിക്കുക എളുപ്പമല്ലാത്തതിനാലാണ് ഇത്തരമൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
സാധാരണയായി നടക്കുന്ന രീതിയിലുള്ള ഒരു പ്രഹസന അന്വേഷണമാണ് നടക്കുന്നതെങ്കില്‍ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും ഷൗക്കത്ത് ആശങ്ക പ്രകടിപ്പിച്ചു. വാഹനത്തില്‍ ചെയ്ത സ്റ്റീല്‍ വര്‍ക്കിന്റെ പേര് പറഞ്ഞ് വണ്ടി അണ്‍ഫിറ്റ് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ വകുപ്പ് ശ്രമിച്ചേക്കാമെന്നും, എന്നാല്‍ മുന്‍പ് രണ്ട് തവണ ഇതേ വാഹനം സര്‍ട്ടിഫൈ ചെയ്തതും ഇതേ വകുപ്പ് തന്നെയാണെന്നും പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെടണമെന്നാണ് ഷൗക്കത്തിന്റെ അവസാനത്തെ അഭ്യര്‍ത്ഥന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നാലെയാണ് എംവിഡിയും ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് അറിയിച്ചത്.
അതേസമയം, ഷൗക്കത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ കിഴിശ്ശേരി അങ്ങാടിയില്‍ റോഡ് ഉപരോധിച്ചു. വിവിധ ഓട്ടോ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊണ്ടോട്ടി-അരീക്കോട് സംസ്ഥാനപാതയാണ് ഉപരോധിക്കുന്നത്.