ലിയോ പാപ്പായും ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലെനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

 
LEO


പരിശുദ്ധപിതാവ് ലിയോ പതിനാലാമന്‍ പാപ്പായും ഓസ്ട്രിയയുടെ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലെനും തമ്മില്‍ വത്തിക്കാനില്‍ കൂടിക്കാഴ്ച നടന്നതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.

വ്യാഴാഴ്ച വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്.

പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീന്‍, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവന്‍ ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍ തുടങ്ങിയവരുമായും പ്രസിഡന്റ് ബെല്ലെന്‍ കൂടിക്കാഴ്ച നടത്തി.

സ്റ്റേറ്റ് സെക്രെട്ടറിയേറ്റിന്റെ വിവിധ ഓഫീസുകളില്‍ നടന്ന സമ്മേളനങ്ങളിലും സൗഹൃദപൂര്‍ണ്ണമായ സംഭാഷണങ്ങളിലും, പരിശുദ്ധ സിംഹാസനവും ഓസ്ട്രിയയുമായുള്ള നല്ല ഉഭയകക്ഷിബന്ധം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു. 


ഓസ്ട്രിയയിലെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി അവിടെയുള്ള കത്തോലിക്കാസഭ നല്‍കുന്ന സംഭാവനകളെ രാഷ്ട്രനേതൃത്വം അടിവരയിട്ടുപറഞ്ഞു.

അന്താരാഷ്ട്രതലത്ത് നിലവിലിരിക്കുന്ന സംഘര്‍ഷാവസ്ഥ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെട്ടുവെന്നും, നിലവിലെ പ്രശ്‌നങ്ങള്‍ക്ക് സമാധാനപൂര്‍ണ്ണമായ പരിഹാരം കാണുന്നതില്‍ അന്താരാഷ്ട്രസമൂഹത്തിനുള്ള സാധ്യതകള്‍ വിശകലനം ചെയ്യപ്പെട്ടുവെന്നും, മാര്‍ച്ച് അഞ്ചാം തീയതി പുറത്തുവിട്ട തങ്ങളുടെ പത്രക്കുറിപ്പിലൂടെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.

യുദ്ധവും സംഘര്‍ഷങ്ങളും അന്താരാഷ്ട്രസമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്ക് പുറമെ, കുടിയേറ്റം, വിവിധ മതങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി, സമകാലീനപ്രാധാന്യമുള്ള മറ്റു വിഷയങ്ങളും ഇരു രാഷ്ട്രനേതൃത്വങ്ങളും ചര്‍ച്ച ചെയ്തുവെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. 

Tags

Share this story

From Around the Web