മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ല' അലോഷ്യസിനെതിരെ വിമർശനം
തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തെച്ചൊല്ലി കെഎസ്‌യുവിനുള്ളിൽ ചേരിതിരിഞ്ഞ് പോരാട്ടം കനക്കുന്നു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നിലപാടുകൾക്കെതിരെ എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ ഉൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് കൃഷ്ണലാൽ മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും നേതാക്കളുടെ പ്രീതി പിടിച്ചുപറ്റാനായി ഫേസ്ബുക്കിൽ പോസ്റ്റിട്ടതുകൊണ്ട് സർക്കാരോ മുഖ്യമന്ത്രിയോ വീഴില്ലെന്ന് കൃഷ്ണലാൽ പരിഹസിച്ചു. ഇതോടെ കെഎസ്‌യുവിൽ നേതൃത്വത്തിനെതിരായ അതൃപ്തി മറനീക്കി പുറത്തുവരികയാണ്. നേരത്തെ, സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയും അലോഷ്യസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രസ്ഥാനത്തെ ചിലർ തങ്ങളുടെ സ്ഥാപിത താത്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് മുബാസ് ആരോപിച്ചു.
പ്ലീഡർ നിയമനം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെടാൻ തയ്യാറാകാതിരുന്നവർ, പിന്നീട് വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രി വിഷയത്തിൽ പരസ്യമായി മറുപടി നൽകിയതിന് ശേഷം മാത്രമാണ് കൂടിക്കാഴ്ചയ്ക്ക് ഇവർ ശ്രമിച്ചതെന്ന് മുബാസ് ചൂണ്ടിക്കാട്ടുന്നു. മറ്റ് പല നിയമനങ്ങളിലും പ്രവർത്തകരുടെ വികാരം സംരക്ഷിക്കാൻ താല്പര്യപ്പെടാത്തവർ പ്ലീഡർ നിയമനത്തിൽ മാത്രം പ്രത്യേക താല്പര്യം കാണിക്കുന്നത് മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണെന്നും ആരോപണമുണ്ട്.
നിയമനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നവർ, ലോയേഴ്സ് കോൺഗ്രസ് നൽകിയ ലിസ്റ്റിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. വ്യക്തിതാത്പര്യങ്ങൾക്കും മാധ്യമ ശ്രദ്ധയ്ക്കുമായി മുഖ്യമന്ത്രിയെയും സർക്കാരിനെയും ഇരുട്ടിൽ നിർത്തി വിവാദങ്ങൾ സൃഷ്ടിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നതാണ് വിമർശകരുടെ നിലപാട്.