പ്രതിഷേധിച്ച വിദ്യാര്‍ഥികളെ രാജ്യദ്രോഹികളാക്കാനാണ് ശ്രമം; ഗവര്‍ണറുടെ പ്രതികരണത്തിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍

 
GOVERNOR

കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിലെ ഗവര്‍ണറുടെ പ്രസംഗം വിവാദത്തില്‍. പ്രതിഷേധ സമരം നടത്തിയവരെ രാജ്യദ്രോഹികള്‍ ആക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി.


തുടര്‍ച്ചയായി രണ്ടാം ദിവസവും കേരള കേന്ദ്ര സര്‍വകലാശാല ക്യാമ്പസ് പ്രതിഷേധ മുനമ്പായി മാറുകയാണ്. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് വീണ്ടും പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്.

സെമിനാറില്‍ ആര്‍ എസ് എസ് നേതാക്കളെ പങ്കെടുപ്പിക്കുന്നതിനെതിരെ ലൈബ്രറി ഹാളിന് പുറത്തായിരുന്നു ചൊവ്വാഴ്ചത്തെ പ്രതിഷേധമെങ്കില്‍ ബുധനാഴ്ച വിദ്യാര്‍ഥികള്‍ ഹാളിനകത്തേക്ക് ഇരച്ചു കയറി. 

പ്രതിഷേധിക്കുന്നവരെ എല്ലാം രാജ്യദ്രോഹികള്‍ ആക്കുന്ന സമീപനമാണ് ഗവര്‍ണര്‍ നടത്തിയത് എന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.ആര്‍എസ്എസ് നേതാവിനെ സെമിനാറില്‍ പങ്കെടുപ്പിച്ചതിനെയാണ് എതിര്‍ത്തത്. എന്നാല്‍ അത് വന്ദേമാതരത്തിനെതിരായ നീക്കമായി ചിത്രീകരിക്കുന്നു. 

രാജ്യദ്രോഹികളായി കേസെടുക്കട്ടെ, ജയിലിലടക്കട്ടെ. സര്‍വകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ ക്യാമ്പസ് വിട്ടു പോയ ശേഷം ആയിരുന്നു വിദ്യാര്‍ഥികള്‍ സംഘടിച്ച് എത്തിയത്. അതിനിടെ സര്‍വകലാശാല പ്രോക്ടര്‍ കെ ശ്രീകുമാര്‍ സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാനുള്ള നീക്കം വിദ്യാര്‍ഥികള്‍ തടഞ്ഞു. പ്രസംഗിക്കവേ മൈക്ക് ഓഫ് ചെയ്തും ഷൂസ് ഉയര്‍ത്തിപ്പിടിച്ചുമായിരുന്നു പ്രതിഷേധം. 

സംയുക്ത വിദ്യാര്‍ഥി പ്രതിഷേധത്തിനെതിരെ മുദ്രാവാക്യം വിളികളുമായി എ ബി വി പി യും രംഗത്തെത്തി. എസ്എഫ്‌ഐ മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും എബിവിപി ആവശ്യപ്പെട്ടു.

ഈ സമയം സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥി നേതാക്കളുമായി ചര്‍ച്ച നടത്തി. അക്കാദമിക വിഭാഗം ഡീന്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചെങ്കിലും പിരിഞ്ഞു പോകാന്‍ അവര്‍ തയ്യാറായില്ല. ബേക്കല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി വിദ്യാര്‍ഥികളുമായി അനുനയ ചര്‍ച്ച നടത്തിയതോടെയാണ് രൂക്ഷമായ പ്രതിഷേധം അവസാനിച്ചത്. പ്രോക്ടറായിട്ടുള്ള കെ ശ്രീകുമാര്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും അല്ലാതെ ഹാള്‍ വിട്ടുപോകില്ലെന്നും വിദ്യാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags

Share this story

From Around the Web