സിറിയയില്‍ ക്രൈസ്തവരെ ആക്രമിച്ച് പ്രദേശത്ത് നിന്ന് തുരുത്താന്‍ ശ്രമം. 2 ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം

അനാസ്, സിറിയ: സിറിയയിലെ ഹോംസ് ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ ക്രൈസ്തവരെ തുരുത്താന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്.
ഗ്രാമപ്രദേശങ്ങളായ വാദി അല്‍-നസാര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ക്രിസ്ത്യന്‍ നിവാസികള്‍ ഉത്കണ്ഠയ്ക്കും പിരിമുറുക്കത്തിനും ഇടയിലാണ് കഴിയുന്നതെന്നു സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടയ്ക്കിടെയുള്ള കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും താഴ്വരയിലെ ഭൂരിപക്ഷം ക്രൈസ്തവ സമൂഹത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ക്രിസ്ത്യാനികളെ അവരുടെ വീടുകള്‍, ഗ്രാമങ്ങള്‍, ഭൂമി എന്നിവ ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് നടക്കുന്നത്.
അടുത്തിടെ സര്‍ക്കാരിന്റെ ജനറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ യൂണിഫോം ധരിച്ച് മോട്ടോര്‍ സൈക്കിളുകളില്‍ വന്ന നാല് മുഖംമൂടി ധരിച്ച തോക്കുധാരികള്‍ അനസ് ഗ്രാമത്തിലെ യുവാക്കള്‍ക്ക് നേരെ വെടിവെയ്പ്പ് നടത്തിയതായി 'സിറിയക് പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. വിസാം ജോര്‍ജ് മന്‍സൂര്‍, ഷഫീഖ് റഫീഖ് മന്‍സൂര്‍ എന്നിവരാണ് വെടിയുണ്ടയ്ക്ക് ഇരയായത്. പിയറി ഹരിഖിസ് എന്ന യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്.
ആക്രമണത്തിന് പിന്നാലെ സായുധധാരികള്‍ രക്ഷപ്പെട്ടു. പ്രദേശത്തെ ക്രിസ്ത്യാനികള്‍ക്കും മറ്റ് തദ്ദേശീയ സമൂഹങ്ങള്‍ക്കും നേരെയുള്ള ആസൂത്രിതമായ കൊലപാതകമാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് അല്‍-ഹോസിനെ വാദി അല്‍-നസറയുമായി ബന്ധിപ്പിക്കുന്ന റോഡ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഉപരോധിച്ചു.