നൈജീരിയയില്‍ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം

 
cross

ക്രോസ് റിവര്‍: നൈജീരിയന്‍ സംസ്ഥാനമായ ക്രോസ് റിവറിലെ ബോക്കി പ്രാദേശിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം.

കച്ചുവാൻ ഇരുവാനിലുള്ള സെന്റ് മേരീസ് കത്തോലിക്ക ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നതെന്നു ക്രോസ് റിവർ സ്റ്റേറ്റ് പോലീസ് കമാൻഡ് സ്ഥിരീകരിച്ചു. പോലീസ് വക്താവും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടുമായ എ‌എസ്‌പി സൺഡേ എയ്തോക്പ സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നു വ്യക്തമാക്കി.

ഇന്നലെ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയ്ക്കാണ് ദേവാലയം അഗ്നിയ്ക്കിരയാക്കുവാന്‍ ശ്രമം നടന്നത്. പള്ളിയിലെ സങ്കീര്‍ത്തിയില്‍ സൂക്ഷിച്ചിരുന്ന എല്ലാ രേഖകളും കത്തി നശിച്ചു. ദേവാലയ പരിസരത്ത് നിർത്തിയിട്ടിരുന്ന വൈദികന്റെ വാഹനവും അക്രമികൾ കത്തിച്ചതായി പോലീസ് സൂപ്രണ്ട് പറഞ്ഞു.

കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേസ് അന്വേഷണത്തിന് ഒകുണ്ടെ പോലീസ് നേതൃത്വം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നൈജീരിയയിലെ ക്രൈസ്തവര്‍ അക്രമത്തിന്റെയും ഭീഷണിയുടെയും നിഴലിൽ കഴിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്.

ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വൈദികര്‍ക്കും നേരെയുള്ള ആക്രമണങ്ങളും തുടര്‍ച്ചയായ ക്രൈസ്തവ കൂട്ടക്കൊലകളും രാജ്യത്തെ ക്രൈസ്തവരെ ആശങ്കയിലാഴ്ത്തുകയാണ്.

ഓപ്പൺ ഡോർസ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം, ക്രിസ്ത്യാനികൾക്ക് ജീവിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ.

Tags

Share this story

From Around the Web