എറണാകുളം മഹാരാജാസ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമം, പൂർവ്വ വിദ്യാർത്ഥി പിടിയിൽ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽനിന്ന് കട്ടിലുകൾ മോഷ്ടിക്കാൻ ശ്രമിച്ച മുൻ വിദ്യാർത്ഥി പിടിയിൽ. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ആൻസ്റ്റനെയാണ് സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
പുലർച്ചെ ഒരു സ്വകാര്യ പോർട്ടർ ആപ്പ് വഴി വാഹനം ബുക്ക് ചെയ്താണ് പ്രതി കട്ടിലുകൾ കടത്താൻ എത്തിയത്. ഹോസ്റ്റലിൽ നിന്ന് എട്ട് കട്ടിലുകൾ ഇയാൾ വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. ഈ സമയം ശ്രദ്ധയിൽപ്പെട്ട ഹോസ്റ്റൽ വാർഡൻ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
കട്ടിലുകളിലെ മൂട്ട ശല്യം ഒഴിവാക്കാൻ കെമിക്കൽ അടിക്കാനായി കൊണ്ടുപോകുന്നുവെന്നായിരുന്നു ഇയാളുടെ മറുപടി. എന്നാൽ ഇതിനായി ആരും അനുമതി നൽകിയിട്ടില്ലെന്നും, കെമിക്കൽ അടിക്കാൻ കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന വാർഡന്റെ ചോദ്യത്തിന് പ്രതിക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.
തുടർന്ന് സംശയം തോന്നിയ ഹോസ്റ്റൽ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.