പോക്‌സോ കേസ് സാക്ഷിയെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം; റൗഡി പട്ടികയിലുള്ള പ്രതി അറസ്റ്റില്‍

 
pocso case

വടക്കേക്കാട്: പോക്‌സോ കേസില്‍ സാക്ഷിപറഞ്ഞതിന്റെ വിരോധത്തില്‍ ഗൃഹനാഥനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. വടക്കേക്കാട് വൈലേപീടിക കണ്ണനായില്‍ ഷക്കീറിനെയാണ് (34) വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച (ഒക്ടോബര്‍ 4) രാത്രി 11 മണിയോടെ വടക്കേക്കാട് നാലാംകല്ലിലാണ് സംഭവം നടന്നത്.

കാരപ്പുറം സ്വദേശി ലോഹിതാക്ഷനാണ് (53) ആക്രമണത്തില്‍ പരിക്കേറ്റത്. പോക്‌സോ കേസ്, വധശ്രമം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ 12 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഷക്കീര്‍. വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ് ഇയാള്‍.


സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കുന്നംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ എസ്.ഐ. അബ്ദുല്‍ സലീം, എസ്.സി.പി.ഒ.മാരായ ഹരികുമാര്‍, ജിതിന്‍, സി.പി.ഒ.മാരായ നസല്‍, പ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags

Share this story

From Around the Web