ഐഡി കാര്‍ഡ് ചോദിച്ചതിന് പൊലീസുകാര്‍ക്ക് നേരെ കയ്യേറ്റശ്രമവും തെറിയഭിഷേകവും; ഐഎഎസുകാരനെതിരെ കേസ്, പൊലീസുകാരെ അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്ഐആറില്‍. 

 
VOTER ID


 

ബെംഗളൂരു: ബെംഗളൂരുവിലെ പബില്‍ വെച്ച് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടതിന് പൊലീസുകാരെ കയ്യേറ്റം ചെയ്ത് ഐഎഎസുകാരന്‍. സംഭവത്തില്‍ ആന്ധ്രാപ്രദേശ് കേഡര്‍ ഐഎഎസ് ഓഫീസര്‍ വികാസ് മര്‍മത്തിനെതിരെ പൊലീസ് കേസെടുത്തു. 

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വികാസിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെയും കബ്ബണ്‍ പാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

കബ്ബണ്‍ പാര്‍ക് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു സ്വകാര്യ പബില്‍ വെച്ച് ഒക്ടോബര്‍ പത്തിന് രാത്രിയാണ് സംഭവം. കുപ്പം ഏരിയ ഡെവലപ്പ്മെന്റ് അതോറിറ്റി പ്രത്യേക ഉദ്യോഗസ്ഥനാണ് വികാസ് മര്‍മത്തും സംഘവും. ഇയാളുടെ കൂടെയുണ്ടായിരുന്നവര്‍ അഭയ് ഉദയ് സിങ്, നിതീഷ്, റോഷന്‍ എന്നിവരാണെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

സ്റ്റേഷന്‍ പരിധിയിലുള്ള ബാറുകളിലും റസ്റ്ററന്റുകളിലും സ്വാഭാവികമായി നടത്താറുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണ് പൊലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ സലുങ്കെയും സംഘവും. 

നഗരപരിധിയിലുള്ള റസ്റ്ററന്റുകളിലെ പ്രവര്‍ത്തിസമയവും മറ്റ് വിശദാംശങ്ങളും പരിശോധിക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് അരുണും സംഘവും സ്ഥലത്തെത്തിയത്. ഇതിനിടെയാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ വികാസും സുഹൃത്തുക്കളും ചേര്‍ന്ന് പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.


റസ്റ്ററന്റിലുണ്ടായിരുന്നവരോടെല്ലാം ഐഡി കാര്‍ഡുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടതാണ് വികാസിനെയും സംഘത്തെയും ചൊടിപ്പിച്ചത്. പൊലീസുകാരെ അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി എഫ്ഐആറില്‍ വ്യക്തമാക്കുന്നു. പിന്നാലെ, ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞെന്ന പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് വികാസിനും സുഹൃത്തുക്കള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.


ബോധപൂര്‍വമുള്ള കയ്യേറ്റശ്രമം, ക്രിമിനല്‍ കുറ്റം, അപമാനിക്കാനുള്ള ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങള്‍.

Tags

Share this story

From Around the Web