പത്തനംതിട്ടയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം മൂന്നിടങ്ങളില്‍
 

 
police


 
പത്തനംതിട്ട: പത്തനംതിട്ടയില്‍ മൂന്നിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അടൂര്‍ പഴകുളത്ത് കാറിലെത്തിയ സ്ത്രീയും പുരുഷനുമാണ് 9 വയസുള്ള പെണ്‍കുട്ടികളെ കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇതേ സംഘം കൊടുമണ്‍ അങ്ങാടിക്കലില്‍ അഞ്ചാംക്ലാസുകാരനെ കാറില്‍ കയറ്റാനും ശ്രമിച്ചു. അടൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. പന്തളത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ ഒന്നരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച തമിഴ്‌നാട്ടുകാരന്‍ അറസ്റ്റിലായി. 


പഴകുളത്ത് കെ.ഐ.ബി കനാല്‍ റോഡിലൂടെ മദ്രസ പഠനം കഴിഞ്ഞ് വരികയായിരുന്ന ഒന്‍പത് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് കാറിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വെളള നിറത്തിലുള്ള കാറിലെത്തിയ സംഘം ഡോര്‍ തുറന്ന് കുട്ടികളെ വാഹനത്തിലേക്ക് നിര്‍ബന്ധിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. 


തങ്ങളുടെ മാതാപിതാക്കളെ അറിയാമെന്നും വീട്ടില്‍ കൊണ്ടാക്കാമെന്നും പറഞ്ഞായിരുന്നു ഇവര്‍ കുട്ടികളെ പ്രലോഭിപ്പിച്ചത്. കുട്ടികള്‍ ഭയന്ന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സംഘം വീണ്ടും നിര്‍ബന്ധിച്ചു. എന്നാല്‍, തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഇത് കണ്ട് ബഹളം വെച്ചതോടെ സംഘം കാറുമായി വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഇതേ സംഘം തന്നെയാണ് കൊടുമണ്‍ അങ്ങാടിക്കലില്‍ സ്‌കൂളില്‍ പോകാന്‍ നില്‍ക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരനെയും സമാന രീതിയില്‍ കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. കുട്ടി വാഹത്തില്‍ കയറിയില്ല.


സംഭവത്തിന് പിന്നാലെ പ്രദേശവാസികളും രക്ഷിതാക്കളും വലിയ ഭീതിയിലാണ്. കുട്ടികളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികള്‍ രേഖപ്പെടുത്തിയിട്ടുള്ളതായും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web