കോംഗോയില്‍ കത്തോലിക്കാ ദൈവാലയങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി കിന്‍ഷാസ അതിരൂപതയിലെ വൈദികര്‍
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ കത്തോലിക്കാ ദൈവാലയങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി കിന്‍ഷാസ അതിരൂപതയിലെ വൈദികര്‍. ഇടവകകള്‍ക്കും സഭാ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങള്‍ ഇപ്പോള്‍ ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളായി മാറിയിരിക്കുകയാണെന്ന് പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ വൈദികര്‍ ചൂണ്ടിക്കാട്ടി. ഒരുകാലത്ത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്ന ഇത്തരം അക്രമങ്ങള്‍, ഇന്ന് ദൈവാലയങ്ങളെയും അവയോട് അനുബന്ധിച്ചുള്ള കെട്ടിടങ്ങളെയും നേരിട്ട് ലക്ഷ്യംവെയ്ക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. വൈദികര്‍, സന്യാസിനികള്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും സഭാ സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യുന്നതും പതിവാകുകയാണെന്ന് സമിതി വ്യക്തമാക്കുന്നു.