പാര്‍ട്ടിക്കെതിരായി വരുന്ന കടന്നാക്രമണങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കും: എല്ലാവരുടെയും വീഴ്ചകള്‍ ചര്‍ച്ച ചെയ്തു; എംവി ഗോവിന്ദന്‍
കോഴിക്കോട്: പാര്‍ട്ടിക്കെതിരായി വരുന്ന കടന്നാക്രമണങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മൂന്ന് മാസം കൂടുമ്പോള്‍ സംഘടന തലത്തില്‍ പരിശോധന നടത്തും.
സംസ്ഥാന സമിതി 6 മാസം കൂടുമ്പോള്‍ പരിശോധന നടത്തും. ജില്ല തല വിശാല സമിതികള്‍ ചേരും. ഒക്ടോബര്‍ 14 നകം പൂര്‍ത്തിയാക്കും. ഏരിയ സെക്രട്ടറിക്ക് പുറമേ മൂന്ന് പേരെ കൂടി ജില്ലാ യോഗങ്ങളില്‍ പങ്കെടുപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം വിപുലീകൃത സംസ്ഥാന സമിതിയിലെ ശാസന എംവി ഗോവിന്ദന്‍ തള്ളിയില്ല. എല്ലാവരുടെയും വീഴ്ചകള്‍ ചര്‍ച്ച ചെയ്‌തെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഇ ഡിക്ക് എതിരായ പ്രമേയം പാസാക്കിയെന്ന് അദേഹം അറിയിച്ചു.
വര്‍ഗീയതക്കെതിരായ പോരാട്ടം, ഇഡിയുടെ കടന്നാക്രമണത്തിനെതിരായ പ്രതിരോധം, സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ പ്രവര്‍ത്തനത്തിനെതിരെയുള്ള സമരം, കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരായ സമരം എന്നിവയാണ് കര്‍മ പദ്ധതികളെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. മൂന്ന് പ്രമേയങ്ങള്‍ വിപുലീകൃത സംസ്ഥാന സമിതി അംഗീകരിച്ചതായി അദേഹം പറഞ്ഞു.
മാറേണ്ടവര്‍ ആരൊക്കെയാണെന്നതില്‍ അതൊക്കെ മാറിക്കോളാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. താന്‍ ഉള്‍പ്പെടെ എല്ലാവരും ആ മാറ്റത്തിന് വിധേയമാകുമെന്ന് എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി തിരുത്തുമെന്നും ശക്തിയായി മുന്നോട്ടു പോകുമെന്നും അദേഹം പറഞ്ഞു. തിരുത്തലുകള്‍ ഒരുദിവസം കൊണ്ട് തീരുന്നതല്ല. തിരുത്തല്‍ പ്രക്രിയയിലാണ് പാര്‍ട്ടിയുള്ളത്. ശരിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
സിപിഐഎം സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണിയാണ് നടന്നിരിക്കുന്നത്. സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. പി ജയരാജന്‍, വി ശിവന്‍കുട്ടി, എം ബി രാജേഷ്, ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോക്ടര്‍ ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍ എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കി. ഒമ്പത് വനിത-യുവജന നേതാക്കളെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാക്കളാക്കി. ടി പി രാമകൃഷ്ണന് പകരം പി രാജീവ് എല്‍ഡിഎഫ് കണ്‍വീനറായേക്കും.