കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം. ബജ്റംഗ്ദളിനെ തള്ളാതെ ബി.ജെ.പി. കടുത്തപ്രതിസന്ധിയിലായിരുന്ന കേരള ബി.ജെ.പിക്ക് വീണ്ടും ഇരുട്ടടി. നേതാക്കളുടെ നിസഹകരണത്തിന് പുറമേ അകന്ന് ക്രൈസ്തവ സഭാ വിശ്വാസികളും

തിരുവനന്തപുരം: മലയാളികളായ കന്യാസ്ത്രീകള്‍ക്കെതിരെ ഛത്തീഗഡില്‍ നടന്ന ആക്രമണത്തില്‍ ആഴത്തില്‍ മുറിവേറ്റത് സംസ്ഥാന ബി.ജെ.പിക്കെന്ന് സൂചന. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിഷയം തിരിച്ചടിയാകുമെന്ന ആശങ്കയാണ് പാര്‍ട്ടിക്കുള്ളത്.
പുന:സംഘടനയോടെ മുരളീധര വിഭാഗത്തെ പൂര്‍ണ്ണമായും തഴഞ്ഞ ബി.ജെ.പിയില്‍ കടുത്ത അമര്‍ഷം പ്രതിഫലിക്കുന്നതിനിടെയാണ് ക്രൈസ്തവര്‍ക്കെതിരായ ആക്രമണം പാര്‍ട്ടിയുടെ പ്രതിച്ഛായയെ സമ്പൂര്‍ണ്ണമായി തകര്‍ത്തിരിക്കുന്നത്.
വിഷയത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാന്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഛത്തീഗഡിലേക്ക് പോകാന്‍ തീരുമാനമെടുത്തിട്ടും ബജ്റംഗദളിന്റെ ആക്രമണത്തെ അപലപിക്കാനോ സംഘപരിവാര്‍ സംഘടനയുടെ നിലപാടിനെ തള്ളിക്കളയാനോ സംസ്ഥാന നേതാക്കള്‍ മുതിര്‍ന്നിട്ടില്ല.
കാലങ്ങളായി ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്ന ബി.ജെ.പി, സംസ്ഥാനത്ത് ക്രൈസ്തവ ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങളുമായാണ് മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മലയാളികള്‍ അടക്കമുള്ള വൈദികരും കന്യാസ്ത്രീകളും നിരന്തരമായി ആക്രമിക്കപ്പെട്ടതോടെയാണ് പാര്‍ട്ടിയുടെ തന്ത്രത്തിന് മേല്‍ കരിനിഴല്‍ വീണത്.
സംസ്ഥാനത്തെ സഭാ ആസ്ഥാനങ്ങളിലെത്തി ക്രൈസ്തവര്‍ക്ക് ്രപാധാന്യമുള്ള വിശേഷാവസരങ്ങളില്‍ കേക്കും ഷെയ്ക്ക് ഹാന്റും നല്‍കിയാണ് ബന്ധം സുദൃഡമാക്കാന്‍ പരിശ്രമിച്ചിരുന്നത്. എന്നാല്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം കൂടി പുറത്ത് വന്നതോടെ കത്തോലിക്ക മുഖപത്രമായ ദീപിക ബി.ജെ.പിയെ പേരെടുത്ത് വിമര്‍ശിച്ച് രംഗത്ത് വന്ന് കഴിഞ്ഞു. ഇത് രാഷ്ട്രീയമായ കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് നല്‍കുന്നത്.
തൃശ്ശൂരില്‍ നിന്നും സുരേഷ് ഗോപി വിജയിച്ചു കയറിയ അതേതന്ത്രം മറ്റിടങ്ങളില്‍ സഭകളുടെ പിന്തുണയോടെ നടപ്പാക്കി സംസ്ഥാനത്ത് നിയമസഭാ സാമാജികരെ സൃഷ്ടിക്കാനായിരുന്നു ബി.ജെ.പിയുടെ നീക്കം.
ഈഴവ-ക്രൈസ്തവ വോട്ടുകള്‍ക്ക് പുറമേ നായര്‍ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ ബി.ജെ.പിക്ക് പല മണ്ഡലത്തിലും സാധ്യത ഉണ്ടെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ തുടര്‍ച്ചയായി ക്രൈസ്തവ സമൂഹത്തിനും അവരുടെ പുരോഹിതര്‍ക്കുമെതിരെ ഉണ്ടായിട്ടുള്ള സംഘപരിവാര്‍ ആക്രമണം പാര്‍ട്ടിയുടെ സംസ്ഥാനത്തെ സാധ്യതകള്‍ക്ക് എന്നെന്നേക്കുമായി മങ്ങലേല്‍പ്പിച്ച് കഴിഞ്ഞു. ഈ വിഷയം പരിഹരിക്കപ്പെട്ടാലും ക്രൈസ്തവ സമൂഹം ഇനി ബി.ജെ.പിയെ സംശയദൃഷ്ടിയോടു കൂടി മാത്രമേ സമീപിക്കൂവെന്നതാണ് യാഥാര്‍ത്ഥ്യം.
മുമ്പ് കേരളകോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന പി.സി ജോര്‍ജ്ജ്, മകന്‍ ഷോണ്‍ ജോര്‍ജ്ജ് എന്നിവര്‍ സംഘപരിവാര്‍ സംഘടനകളുടെ നിലപാടിനെ പിന്തുണയ്ക്കുകയാണ്. ഉത്തരേന്ത്യയില്‍ വൈദികരെ മര്‍ദ്ദിച്ച സംഭവത്തില്‍ പി.സി ജോര്‍ജ്ജ് ന്യാീകരണവുമായി രംഗത്തിറങ്ങിയിരുന്നു.
എന്നാല്‍ കൂടെ നിന്ന് ഒറ്റുന്നവരെ തിരിച്ചറിയണമെന്നാണ് ദീപികയുടെ മുഖപ്രസംഗം വ്യക്തമാക്കുന്നത്. നിലവില്‍ സംസ്ഥാന നേതൃത്വത്തിനൊപ്പം കൃഷ്ണദാസ് വിഭാഗം കൂടി ചേര്‍ന്നാണ് വിഷയത്തെ പ്രതിരോധിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളത്.
എന്നാല്‍ ബി.ജെ.പിയുടെ ക്രൈസ്തവ പ്രീണനം പരമ്പരാഗതമായി അവര്‍ക്ക് വോട്ട് ചെയ്തിവരുന്നവര്‍ക്ക് ദഹിക്കുന്നില്ലെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ക്രൈസ്തവ പ്രീണനത്തിനും പകരം ഹിന്ദുത്വ രാഷ്ട്രീയത്തിലാണ് പാര്‍ട്ടി ഉറച്ച് നില്‍ക്കേണ്ടതെന്നുമുള്ള അഭിപ്രായങ്ങള്‍ പാര്‍ട്ടി സംഘടനാ യോഗങ്ങളില്‍ ഉയര്‍ന്നിരുന്നു.
ഇതിനിടെ ആര്‍.എസ്.എസ് മുന്‍കൈയെടുത്തു രൂപീകരിച്ച കാസ എന്ന ക്രൈസ്തവ സംഘടനയ്ക്കും വിശ്വാസികള്‍ എതിരായിക്കഴിഞ്ഞു. മുസ്ലീം വിദ്വേഷത്തിലൂടെ ക്രൈസ്തവരെ ബി.ജെ.പിയോട് അടുപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് കാസ രപവര്‍ത്തിക്കുന്നത്.
എന്നാല്‍ ക്രൈസ്തവര്‍ തന്നെ രാജ്യത്ത് പല ഭാഗത്തും ബി.ജെ.പി അക്രമണത്തിന് ഇരയാകുന്നുവെന്നും അപ്പോഴും സംഘപരിവാര്‍ ചെയ്തികളെ ന്യായീകരിക്കുന്ന കാസ കൂടെ നിന്ന് ക്രിസ്ത്യാനികളെ ഒറ്റുായാണെന്നും വിശ്വാസി സമൂഹം വ്യക്തമാക്കുന്നു.