2025ല്‍ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ സര്‍വകാല റെക്കോര്‍ഡിലെന്ന് ഐക്യരാഷ്ടസഭ
വത്തിക്കാന്‍സിറ്റി: സായുധ ഡ്രോണുകളുടെ വര്‍ധിച്ച ഉപയോഗം മൂലം കഴിഞ്ഞ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വര്‍ധിച്ച ആക്രമണങ്ങള്‍ നടന്നതായി ഐക്യരാഷ്ട്രസഭ (യു.എന്‍) വ്യക്തമാക്കി. ഈ പ്രവണതയെ ഭയപ്പെടുത്തുന്നത് എന്നാണ് യു.എന്‍ വിശേഷിപ്പിച്ചത്.
കാനഡയും ഓസ്‌ട്രേലിയയും ധനസഹായം നല്‍കുന്ന 'എയ്ഡ് വര്‍ക്കര്‍ സെക്യൂരിറ്റി ഡാറ്റാബേസ്' പ്രകാരം, 2025-ല്‍ ഏകദേശം 907 ജീവകാരുണ്യ പ്രവര്‍ത്തകരാണ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തത്.
മുന്‍വര്‍ഷം ഇത് 833 ആയിരുന്നു. ഇതില്‍ 350 പേര്‍ കൊല്ലപ്പെട്ടു. 2024-ല്‍ ഇത് റെക്കോര്‍ഡായ 387 ആയിരുന്നു; അതിനെ അപേക്ഷിച്ച് ചെറിയ കുറവാണ് ഉണ്ടായിരിക്കുന്നത്.
യുദ്ധ നിയമങ്ങള്‍ പാലിക്കാനും കുറ്റവാളികളെ ഉത്തരവാദികളാക്കാനും രാജ്യങ്ങള്‍ തയ്യാറാകണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ''മറ്റുള്ളവരെ സേവിക്കുന്നത് എന്നത്തേക്കാളും അപകടകരമായി മാറിയിരിക്കുന്നു,'' എന്നും അദ്ദേഹം പറഞ്ഞു.
ലോക മാനുഷിക ദിനാചരണത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കിലും ജനീവയിലും കൊല്ലപ്പെട്ടവര്‍ക്ക് ആദരസൂചകമായി പതാകകള്‍ താഴ്ത്തിക്കെട്ടി. വിലകുറഞ്ഞതും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ സായുധ ഡ്രോണുകളുടെ വ്യാപനമാണ് അപകടസാധ്യത വര്‍ധിപ്പിച്ചതെന്ന് യു.എന്‍ ദുരിതാശ്വാസ മേധാവി ടോം ഫ്‌ലെച്ചര്‍ വ്യക്തമാക്കി.
ഈ വര്‍ഷം മാര്‍ച്ചില്‍ കോംഗോയുടെ കിഴക്കന്‍ ഭാഗമായ ഗോമയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഫ്രഞ്ച് ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ സുഡാനിലും ഉക്രൈനിലും സഹായവുമായെത്തുന്ന കണ്ടെയ്നറുകള്‍ നിരന്തരം ആക്രമിക്കപ്പെടുന്നുണ്ട്.