യൂറോപ്പില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ 44 ശതമാനം വര്‍ധനവ്

 
europe

വിയന്ന: മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി പുതിയ റിപ്പോര്‍ട്ട്. വിയന്ന ആസ്ഥാനമായുള്ള 'ഒബ്‌സര്‍വേറ്ററി ഓണ്‍ ഇന്റോളറന്‍സ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്ത്യന്‍സ് ഇന്‍ യൂറോപ്പ്' സംഘടന നവംബര്‍ 16-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഭൂഖണ്ഡത്തില്‍ സാമൂഹികവും രാഷ്ട്രീയവുമായ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതായും സംഘടന മുന്നറിയിപ്പ് നല്‍കി.

2025-ല്‍ യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് നേരെ അരങ്ങേറിയ ആക്രമണങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളും മറ്റ് അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് 2,465 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ശാരീരിക ആക്രമണങ്ങള്‍, ഭീഷണികള്‍, ഉപദ്രവങ്ങള്‍ എന്നീ 395 വ്യക്തിഗത ആക്രമണ സംഭവങ്ങളാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്.


രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന ആക്രമണങ്ങള്‍ ഫ്രാന്‍സിലാണ് അരങ്ങേറിയിരിക്കുന്നത് (843). ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് (624), ജര്‍മ്മനി (337), ഓസ്ട്രിയ (134) എന്നിവിടങ്ങളിലാണ് ക്രൈസ്തവര്‍ക്ക് നേരെ ഉയര്‍ന്ന തോതില്‍ ആക്രമണങ്ങള്‍ അരങ്ങേറുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഫ്രാന്‍സില്‍ വ്യക്തികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 70% വര്‍ദ്ധനവുണ്ടായപ്പോള്‍, വൈദികര്‍ക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങള്‍ നാലുമടങ്ങായി വര്‍ദ്ധിച്ചു. ഇംഗ്ലണ്ടിലും വെയില്‍സിലും, ക്രൈസ്തവര്‍ക്ക് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags

Share this story

From Around the Web