രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് സി ബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണെന്ന് സി ബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
2025 ജനുവരി മുതല്‍ ജൂണ്‍വരെ 378 ക്രൈസ്തവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമിക്കപ്പെട്ടു. 2014ല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ 127 ആയിരുന്നത് 2024-ല്‍ 834 ആയി വര്‍ധിച്ചുവെന്ന് മാര്‍ താഴത്ത് ചൂണ്ടിക്കാട്ടി. ഓരോ ദിവസവും ശരാശരി രണ്ട് അക്രമണങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്നുണ്ടെന്ന് മാര്‍ താഴത്ത് പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്ത ക്രിസ്തുജയന്തി 2025 ആഘോഷങ്ങളുടെയും ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി ഡല്‍ഹി സിബിസിഐ ആസ്ഥാനത്തു നടന്ന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ താഴത്ത്.
അന്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി മുഖ്യപ്രഭാഷണം നടത്തി. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ഡോ. അനില്‍ തോമസ് കൂട്ടോ തുടങ്ങി അമ്പതോളം ബിഷപ്പുമാര്‍, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, സന്യസ്തര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍ദോ ജിറെല്ലിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചത്.