ഹൈറ്റിയില്‍ വന്‍ സായുധഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു

 
Haity

ഹൈറ്റി: ഹൈറ്റിയിലെ ആര്‍ത്തിബൊനീത്ത് പ്രദേശത്തുള്ള പെത്തീത്ത് റിവിയെറിനടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും അനേകര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

 ഞായറാഴ്ച രാവിലെയുണ്ടായ കടുത്ത ആക്രമണങ്ങളുടെ ഭാഗമായി നിരവധി വീടുകള്‍ അഗ്‌നിക്കിരയായതായും, അനേകം കുടുംബങ്ങള്‍ ഭവനരഹിതരായതായും ഒസ്സെര്‍വ്വത്തോറെ റൊമാനോ എഴുതി. പ്രദേശത്തുള്ള രണ്ട് പ്രമുഖ ഗുണ്ടാസംഘങ്ങളാണ് അക്രമം അഴിച്ചുവിട്ടത്.

ആക്രമണം ശക്തമായിരുന്ന ഷാന്‍ ദെനീ പ്രദേശത്ത് നിരവധിയാളുകളെ അക്രമിസംഘങ്ങള്‍ വീടുകളില്‍നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൊല്ലുകയും അന്‍പതോളം വീടുകള്‍ക്ക് തീയിടുകയും ചെയ്തു. 

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തിങ്കളാഴ്ച വരെ നീണ്ടുവെന്നും, പോലീസിന്റെ നിരന്തര പരിശ്രമത്തോടെയാണ് ഈ അക്രമത്തിന് അവസാനമുണ്ടായതെന്നും പ്രദേശത്തുനിന്നുള്ള ആളുകള്‍ സാക്ഷ്യപ്പെടുത്തി.

പോലീസിന്റെയും പ്രാദേശിക അധികാരികളുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുപതോളം ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍, മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ചില സംഘടനകള്‍, എഴുപതോളം ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും, മുപ്പതോളം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ ആശപത്രികളിലാണെന്നും അറിയിച്ചു.

രാജ്യത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി, ഹൈറ്റിയിലെ പ്രാദേശിക ഐക്യരാഷ്ട്രസഭാഘടകത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രെട്ടറി ജനറലിന്റെ വക്താവ് അറിയിച്ചിരുന്നു.

സാവിയെന്‍ പ്രദേശത്തുള്ള തങ്ങളുടെ കേന്ദ്രത്തിന് നേരെ പ്രതിരോധികള്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഗ്രാന്‍ ഗ്രീഫ് എന്ന ഗുണ്ടാസംഘം, വിവ് ആന്‍സാം എന്ന സായുധസംഘത്തിന്റെ പിന്‍ബലത്തോടെ അതിക്രമം അഴിച്ചുവിടുകയായിരുന്നു എന്നതാണ് പ്രാഥമികറിപ്പൊര്‍ട്ട്.

ഹൈറ്റിയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ആര്‍ത്തിബൊനീത്ത് പ്രദേശത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വഴക്ക് പതിവാണെന്നും ഇതിന് പിന്നില്‍ മിലിട്ടറി ലക്ഷ്യങ്ങള്‍ക്കൊപ്പം സാമ്പത്തികലക്ഷ്യമുണ്ടെന്നും ഒസ്സെര്‍വ്വത്തോറെ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. ഇതേ പ്രദേശത്ത് 2024-ല്‍ ഗ്രാന്‍ ഗ്രീഫ് 115 പേരെ വീടുകളില്‍ കയറി വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

2021 മുതല്‍ നാളിതുവരെ ഹൈറ്റിയില്‍ വിവിധ ഗുണ്ടാസംഘങ്ങള്‍ ഇരുപതിനായിരത്തോളം പേരെ എങ്കിലും കൊന്നിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

എന്നാല്‍ ഈ സംഖ്യ വര്‍ദ്ധിച്ചേക്കാമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.

കരീബിയന്‍ പ്രദേശത്തെ ജനസാന്ദ്രത കൂടിയ ഹൈറ്റിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പതിനാല് ലക്ഷത്തിലധികം ആളുകള്‍, അതായത് മൊത്തം ജനസംഘ്യയുടെ പന്ത്രണ്ട് ശതമാനത്തോളം, കുടിയിറങ്ങാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

Tags

Share this story

From Around the Web