ചോദ്യം ചോദിക്കുമ്പോള്‍ പ്രതിപക്ഷത്തെ ആക്രമിക്കുന്നു: തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ച് ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി:വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടിയുമായി ഇന്ത്യാ സഖ്യം. മറുപടിക്ക് പകരം രാഷ്ട്രീയ പാര്‍ട്ടികളോട് ചോദ്യം ചോദിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ചെയ്തത്. ചെയ്യുന്നത്.
ആഗസ്റ്റ് 14 ലെ സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച് വിശദീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷണന്‍ തയ്യാറായില്ല. വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ഇന്ത്യ സഖ്യ പാര്‍ട്ടികളുടെ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗൗരവ് ഗോഗോയ്, മഹ്വ മൊയ്ത്ര, ജോണ്‍ ബ്രിട്ടാസ് എം പി, രാം ഗോപാല്‍ യാദവ്, സഞ്ജയ് സിംഗ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യത ഉണ്ടോ എന്ന് ജോണ്‍ ബ്രിട്ടാസ് എം പി ചോദിച്ചു. രാജ്യത്ത് വീടില്ലാത്തവര്‍ ഇല്ലെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ വ്യാപകമായി വീടില്ലാത്തവര്‍ ഉണ്ടെന്ന് ഗ്യാനേഷ് കുമാര്‍ പറയുന്നു.
കേരളത്തില്‍ ബിജെപിക്ക് ലഭിച്ച ഏക സീറ്റില്‍ ക്രമക്കേട് നടന്നു. അനുരാഗ് താക്കൂര്‍ വയനാട് മണ്ഡലത്തില്‍ ഉന്നയിച്ച ആരോപണം വ്യാജമെന്ന് തെളിഞ്ഞുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ക്കെതിരെ ഇമ്പീച്ച്‌മെന്റ് നോട്ടീസ് നല്‍കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കലാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കമ്മിഷന്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. വോട്ട് കൊള്ള എന്ന് പറഞ്ഞാല്‍ ഭരണഘടന വിരുദ്ധവും, വോട്ട് കൊള്ള നടത്തിയാല്‍ ഭരണഘടനാനുസൃതവും ആകുമോ. ഇപ്പോള്‍ നടക്കുന്നത് എസ് ഐ ആര്‍ അല്ല വോട്ട് വെട്ടല്‍ ആണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.