ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകത്തിനാകെ വെളിച്ചം പടര്‍ത്തുന്ന സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ബൈബിള്‍ സന്ദേശത്തിന്റെ പ്രഭ കെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പാലക്കാട് പുതുശേരിയില്‍ കരോള്‍ സംഘത്തിന് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തെ ന്യായികരിച്ച് ബിജെപി നേതാക്കള്‍ രംഗത്ത് വന്നു.
കരോള്‍ സംഘത്തെ അപമാനിക്കുന്നതിന് വേണ്ടി അവര്‍ മദ്യപിക്കുന്നവരാണെന്നാണ് അവരുടെ ന്യായികരണം. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മധ്യപ്രദേശ്, യുപി, കര്‍ണാടക, ഒഡിഷ, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, ബിഹാര്‍ മുതലായ സംസ്ഥാനങ്ങളില്‍ ഇത്തരം ആക്രമണം നടക്കുന്നതിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുയാണ്. സംഘ്പരിവാറാണ് എല്ലാ ആക്രമണങ്ങള്‍ക്കും പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ അക്രമം നടക്കുകയാണെന്നും യുപി സര്‍ക്കാര്‍ സ്‌കൂള്‍ അവധി പോലും ഒഴിവാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചില ആര്‍എസ്എസ് സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം റദ്ദാക്കിയതില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
അപര മതവിദ്വേഷം പടര്‍ത്തി വിഭാഗീയത ഉണ്ടാക്കുന്ന ആര്‍എസ്എസിനെ നാട് അംഗീകരിക്കില്ല. മൗലികാവകാശത്തിന് നേരെയുള്ള ഒരു കടന്നുകയറ്റത്തെയും അനുവദിക്കില്ല.
കഴിഞ്ഞവര്‍ഷം കേക്കും കൊണ്ട് ക്രൈസ്തവ വീടുകളിലും ദേവാലയങ്ങളിലും എത്തിയവരാണ് ഇപ്പോള്‍ ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിക്കാന്‍ മുതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഇതിനോട് ചേര്‍ത്ത് പറയേണ്ടുന്ന ഉദാഹരണമാണ് വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം. ആ ഹീന സംഭവത്തിന് പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചു. അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.'
മുഖ്യമന്ത്രി പറഞ്ഞു. അപാര വിദ്വേഷത്തിന്റെ ആശയങ്ങളില്‍ പ്രചോദിതരായ ആളുകളാണ് രാം നാരായണനെ കൊല്ലപെടുത്തിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ നടത്തി വിജയിപ്പിച്ച ആള്‍ക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചുനടാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.