നൈജീരിയയിലെ സെമിനാരിക്ക് നേരെ ആക്രമണം. സുരക്ഷാ ജീവനക്കാരനെ വധിച്ച് മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി

അബുജ/നൈജീരിയ: നൈജീരിയയിലെ ഔച്ചി രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മൈനര്‍ സെമിനാരിയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ ഒരു സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെടുകയും മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
നിരവധി തോക്കുധാരികള്‍ അടങ്ങിയ സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. പീറ്റര്‍ എഗിലേവ പറഞ്ഞു.
എഡോ സംസ്ഥാനത്തെ എറ്റ്സാക്കോ ഈസ്റ്റ് ലോക്കല്‍ ഗവണ്‍മെന്റ് ഏരിയ (എല്‍ജിഎ)യിലെ ഇവിയാനോക്പോഡിയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ സ്ഥാപനത്തിന് നേരെയാണ് രാത്രി 9 മണിയോടെ ആക്രമണമുണ്ടായത്.
സെമിനാരിയില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന നൈജീരിയന്‍ സിവില്‍ ഡിഫന്‍സ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ക്രിസ്റ്റഫര്‍ അവെനെഗീമിനെ കൊലപ്പെടുത്തിയ അക്രമിസംഘം മൂന്ന് മൈനര്‍ സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഫാ.എഗിലേവ പറഞ്ഞു.
ആക്രമണത്തെ അപലപിച്ച ഔച്ചി രൂപതയുടെ ബിഷപ് ഗബ്രിയേല്‍ ഗിയാഖോമോ ദുനിയ, ക്രിസ്റ്റഫറിന്റെ ആത്മശാന്തിക്കും വിദ്യാര്‍ത്ഥികളുടെ മോചനം സാധ്യമാകുന്നതിനുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ രൂപതയിലെ എല്ലാ വൈദികരോടും നിര്‍ദേശിച്ചു.
വൈദികരുടെ പരിശീലനത്തിനായി 2006 ല്‍ സ്ഥാപിതമായ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ മൈനര്‍ സെമിനാരിയില്‍ നിന്ന് ഇതുവരെ 500-ലധികം വിദ്യാര്‍ത്ഥികള്‍ വിജയകരമായി ബിരുദം നേടിയിട്ടുണ്ട്.